ആലപ്പുഴ: ആലപ്പുഴയിൽ യാത്ര അവസാനിപ്പിക്കുന്ന ദീർഘദൂര ട്രെയിനുകളിൽ നിന്നുള്ള മാലിന്യ നീക്കം താറുമാറാകുന്നു. റെയിൽവേ സ്റ്റേഷന് സമീപം സൈമൺ ആശാൻ സ്മാരകത്തിനടുത്താണ് റെയിൽവേ ക്ലീനിംഗ് സ്റ്റേഷൻ. ഇവിടെ ശേഖരിച്ചുവയ്ക്കുന്ന മാലിന്യം യഥാസമയം നീക്കം ചെയ്യുന്നതിൽ കരാറുകാർ വീഴ്ചവരുത്തുന്നു എന്നാണ് ആക്ഷേപം. അടുത്തിടെ രണ്ട് മാസത്തോളം മാലിന്യനീക്കം തടസപ്പെട്ടിരുന്നു. ഭക്ഷണാവശിഷ്ടങ്ങളടക്കം കൂടിക്കടന്ന ഭാഗത്ത് നിന്ന് ജനവാസ കേന്ദ്രത്തിലേക്ക് വലിയ ഒച്ചുകൾ ധാരാളമായി ഇഴഞ്ഞെത്തുകയാണ്. ഇതോടെ ജനങ്ങൾ പകർച്ചവ്യാധി ഭീഷണിയിലാണ്. കുട്ടികൾ ഓടിക്കളിക്കുന്ന പ്രദേശത്താണ് ലോഡ് കണക്കിന് മാലിന്യം കൂട്ടിയിട്ടിരിക്കുന്നത്. പ്ലാസ്റ്റിക്ക് കുപ്പികൾ യഥാസമയം നീക്കം ചെയ്യപ്പെടുമെങ്കിലും ഭക്ഷണാവശിഷ്ടങ്ങളുടെ കാര്യം കഷ്ടത്തിലാണ്.
അമൃത് ഭാരത് പദ്ധതിയിലും സംസ്‌കരണമില്ല
1.കേന്ദ്രസർക്കാരിന്റെ അമൃത് ഭാരത് പദ്ധതി പ്രകാരമുള്ള നവീകരണമാണ് ആലപ്പുഴ റെയിൽവേസ്റ്റേഷനിൽ നടക്കുന്നത്. കോടികൾ ചെലവഴിച്ചുള്ള ഈ പദ്ധതിയിൽ പോലും സ്റ്റേഷനിലെ മാലിന്യസംസ്ക്കരണത്തിന് പദ്ധതികളൊന്നും വിഭാവനം ചെയ്തിട്ടില്ല
2.ശുചിത്വ നഗര പുരസ്ക്കാരം നേടിയ ആലപ്പുഴക്ക് നാണക്കേടുണ്ടാക്കുന്നതാണ് ആലപ്പുഴ റെയിൽവേ ക്ലീനിംഗ് സ്റ്റേഷനിലെ കാഴ്ചകൾ. മാലിന്യ നീക്കം തടസപ്പെട്ട കാലത്ത് മാലിന്യം പരിസരമാകെ ചിതറി കിടക്കുന്ന സ്ഥിതിയായിരുന്നു
3.കക്കൂസ് മാലിന്യം നീക്കം ചെയ്യാൻ ഡ്രെയിനേജ് സംവിധാനമുണ്ടെന്നാണ് അധികൃതരുടെ വിശദീകരണം. അതേസമയം, കക്കൂസ് മാലിന്യം ഉൾപ്പടെ കഴുകി പ്രദേശത്ത് പുറന്തള്ളുന്നത് പതിവ് കാഴ്ചയാണെന്നാണ് പ്രദേശവാസികൾ പറയുന്നത്
4.അതേസമയം ആലപ്പുഴയിലെ ക്ലീനിംഗ് സ്റ്റേഷൻ കായംകുളത്തേക്ക് മാറ്റുമെന്നും കേൾക്കുന്നുണ്ട്. അങ്ങനെയെങ്കിൽ, ആലപ്പുഴയിൽ യാത്ര അവസാനിപ്പിക്കുന്ന ട്രെയിനുകളിലെ മാലിന്യ നീക്കവും ശുചീകരണവും കൂടുതൽ ബുദ്ധിമുട്ടിലാകും
മാലിന്യ നീക്കം തടസം കൂടാതെ നടക്കണം. മാലിന്യത്തിൽ നിന്നുള്ള ഒച്ച് പ്രദേശമാകെ വ്യാപിച്ചു. ജനങ്ങൾ പകർച്ചവ്യാധി ഭീഷണിയിലാണ്. കൃത്യമായ മാലിന്യ സംസ്ക്കരണ സംവിധാനമാണ് ആവശ്യം
- എൽജിൻ റിച്ചാർഡ്, ബീച്ച് വാർഡ് കൗൺസിലർ