photo

ചേർത്തല: ചേർത്തല കാർത്ത്യായനീ ദേവീക്ഷേത്രത്തിൽ നവീകരണത്തിന് തുടക്കമായി. ഭരണാനുതി ലഭിച്ച 16 ലക്ഷം വിനിയോഗിച്ചുള്ള പ്രവർത്തനങ്ങളാണ് നടക്കുന്നത്. സ്‌ട്രോംഗ് റൂം,ഭജനപുര എന്നിവയും അവശ്യഅറ്റകുറ്റപ്പണികളുമാണ് ഇതിൽ ഉൾപ്പെടുത്തിയിട്ടുള്ളത്. തിരുവിതാംകൂർ ദേവസ്വം ബോർഡംഗം അഡ്വ.എ.അജികുമാർ ഉദ്ഘാടനം ചെയ്തു.

പോരായ്മകൾക്കും ജീർണാവസ്ഥക്കും പരിഹാരംകാണുമെന്ന് അദ്ദേഹം പറഞ്ഞു. ക്ഷേത്രത്തിലെത്തി പരിശോധനകൾ നടത്തുകയും ഭക്തജനങ്ങളിൽ നിന്ന് വിവരങ്ങൾ ശേഖരിക്കുകയും ചെയ്തശേഷം നടന്ന അവലോകനയോഗത്തിലാണ് ബോർഡ് ഉറപ്പു നൽകിയത്. മന്ത്രി പി.പ്രസാദിന്റെ സാന്നിദ്ധ്യത്തിലായിരുന്നു യോഗം. ശുചീകരണത്തിലെ വീഴ്ചകളെ തുടർന്ന് അടുത്തിടെ ആരോഗ്യവിഭാഗം പിഴചുമത്തിയതോടെയാണ് ക്ഷേത്രത്തിലെ പ്രശ്നങ്ങൾ ഭക്തജനങ്ങൾ ഏറ്റെടുത്തത്ത്. ചുറ്റമ്പലവും ഉപദേവതാ ക്ഷേത്രങ്ങളും പ്രധാന കെട്ടിടങ്ങളുമെല്ലാം തകർന്നും ജീർണാവസ്ഥയിലുമാണ്. ഇതേ തുടർന്നാണ് ദേവസ്വംബോർഡംഗം കാര്യങ്ങൾ നേരിട്ട് മനസിലാക്കിയത്. മന്ത്രി പി.പ്രസാദ് ക്ഷേത്രത്തിലെ വിഷയങ്ങൾ ബോർഡിനെ അറിയിച്ചിരുന്നു. ക്ഷേത്രത്തിന്റെ സുഗമമായ നടത്തിപ്പിന് ആവശ്യമായ നടപടികൾ സ്വീകരിക്കുമെന്ന് ദേവസ്വം ഡെപ്യൂട്ടികമ്മീഷണർ ദീലീപ് അറിയിച്ചു.നഗരസഭാ ചെയർപേഴ്സൺ ഷേർളി ഭാർഗവൻ,വൈസ് ചെയർമാൻ ടി.എസ്.അജയകുമാർ,എക്സിക്യുട്ടീവ് എൻജിനിയർ വിജയമോഹനൻ,ഉപദേശകസമിതി പ്രസിഡന്റ് അജികുമാർ,സെക്രട്ടറി ഇ.കെ.സിനിൽകുമാർ,വൈസ് പ്രസിഡന്റ് ഡി.സൽജി തുടങ്ങിയവർ പങ്കെടുത്തു.


സ്ഥലംമാറ്റം മണിക്കൂറുകൾക്കകം അട്ടിമറിച്ചു

യോഗത്തിൽ ക്ഷേത്രത്തിൽ ദീർഘകാലമായി ജോലിചെയ്യുന്നവരെ മാറ്റണമെന്ന ഭക്തരുടെ ആവശ്യം ബോർഡംഗം അംഗീകരിച്ചു.നേരത്തെ ജീവനക്കാർക്കെതിരെയും ഉപദേശകസമിതിയടക്കം പരാതികൾ ഉയർത്തിയിരുന്നു.അവലോകന യോഗത്തിൽ തന്നെ മൂന്നു ജീവനക്കാരെ സ്ഥലംമാറ്റാൻ നിർദ്ദേശം നൽകി. ഇതേ തുടർന്നു ഉദ്യോഗസ്ഥർ നടപടികളിലേക്ക് നീങ്ങിയെങ്കിലും മണിക്കൂറുകൾക്കുള്ളിൽ തന്നെ തീരുമാനം അട്ടിമറിച്ചു.സംഘടനാ നേതാക്കളുടെയും ഉന്നതരുടെയും ഇടപെടലിനെ തുടർന്നാണ് അട്ടിമറിയെന്നാണ് വിവരം.