ambala

അമ്പലപ്പുഴ: അമ്പലപ്പുഴ ഫിഷറീസ് ഓഫീസ് അമ്പലപ്പുഴയിൽ നിന്ന് പുന്നപ്രയിലേക്ക് മാറ്റിയത് ഗുണഭോക്താക്കളെ വലയ്ക്കുന്നു. അമ്പലപ്പുഴ ജംഗ്ഷന് തെക്ക് പടിഞ്ഞാറായി തീരദേശത്ത് പ്രവർത്തിച്ചിരുന്ന മത്സ്യത്തൊഴിലാളി ക്ഷേമനിധി ബോർഡ് ഓഫീസാണ് പുന്നപ്ര വിയാനി പള്ളിക്ക് വടക്കു ഭാഗത്തുള്ള പുന്നപ്ര മത്സ്യഭവനിലേക്ക് മാറ്റിയത്.

അമ്പലപ്പുഴയിൽ ഓഫീസ് പ്രവർത്തിച്ചിരുന്ന കെട്ടിടം ഏത് നിമിഷവും നിലം പതിക്കുന്ന അവസ്ഥയിലായിരുന്നു. വൈദ്യുതി ബന്ധം കെട്ടിടത്തിലില്ലാതിരുന്നതിനാൽ ഓഫീസ് പ്രവർത്തനവും താറുമാറായിരുന്നു. കെട്ടിടം തകർച്ചാഭീഷണിയിലായെങ്കിലും അമ്പലപ്പുഴ ജംഗ്‌ഷനിൽത്തന്നെ പകരം സംവിധാനമേർപ്പെടുത്താൻ അധികൃതർ തയ്യാറായില്ല. പുറക്കാട്,കുട്ടനാട് പ്രദേശത്തു നിന്നുള്ളവർ ക്ഷേമനിധി പണമടക്കാൻ ഇനി പുന്നപ്രയിലെത്തേണ്ട ഗതികേടിലാണ്. പുറക്കാട് പായൽക്കുളങ്ങര മുതലുള്ള ഗുണഭോക്താക്കളാണ് പണമടക്കാൻ ഈ ഓഫീസിനെ ആശ്രയിച്ചിരുന്നത്.

പുതിയ കെട്ടിടം നിർമ്മിക്കണം

 അമ്പലപ്പുഴ ജംഗ്ഷനിൽ അമ്പലപ്പുഴ തെക്ക് പഞ്ചായത്തിന്റെ ഉടമസ്ഥതയിലുള്ള ഷോപ്പിംഗ് കോംപ്ലക്സിൽ മുറികളുണ്ട്. ഇത് ഓഫീസിനായി ഏറ്റെടുക്കാവുന്നതാണ്

 ഓഫീസ് പ്രവർത്തിച്ചിരുന്ന ഫിഷറീസ് വകുപ്പിന്റെ സ്ഥലത്ത് പുതിയ കെട്ടിടം നിർമിക്കാൻ സർക്കാർ തയ്യാറാകണമെന്നും ആവശ്യം ഉയരുന്നു

മത്സ്യത്തൊഴിലാളി ക്ഷേമനിധി ബോർഡ് ഓഫീസാണ് പ്രവർത്തനം അമ്പലപ്പുഴയിൽ നിന്നും പുന്നപ്ര തീരപ്രദേശത്തേക്ക് മാറ്റിയത് പുറക്കാട്, കുട്ടനാട് പ്രദേശങ്ങളിൽ നിന്നും ക്ഷേമനിധി അടക്കാനും, മറ്റ് ആവശ്യങ്ങൾക്കുമായി എത്തുന്നവർക്ക് ഏറെ ബുദ്ധിമുട്ടുണ്ടാക്കുന്നുണ്ട്. ഓഫീസ് അമ്പലപ്പുഴയിൽ തന്നെ നിലനിർത്തണം

- രാജൻ,മത്സ്യത്തൊഴിലാളി