ആലപ്പുഴ : ദേശീയ പാത വികസനത്തിന്റെ ഭാഗമായുള്ള നിർമ്മാണ ജോലികൾ അതിവേഗം പുരോഗമിക്കുന്ന ആലപ്പുഴ ബൈപ്പാസിൽ റാമ്പുകളും സർവീസ് റോഡുകളും പൂർത്തീകരിക്കാൻ കടമ്പകൾ അനവധി കടക്കണം. ബൈപ്പാസ് നിർമ്മാണം 80ശതമാനവും പൂർത്തിയായ സ്ഥിതിയ്ക്ക് അടുത്തഘട്ടമായി സർവീസ് റോഡുകളും പുതിയതും പഴയതുമായ ബൈപ്പാസ് റോഡുകളിലെ റാമ്പുകളുമാണ് പൂർത്തിയാക്കേണ്ടത്.
റാമ്പുകളുടെ നിർമ്മാണത്തിനായി നിലവിലെ ബൈപ്പാസിന്റെ ഇരുവശവും 19 മുതൽ അമ്പത് വരെയുളള പില്ലറുകളുടെ ഇടയിൽ ഭൂമി ഏറ്റെടുക്കണം. രണ്ട് പാതകളിലുമായി നിർമ്മിക്കേണ്ട നാല് റാമ്പുകൾക്ക് സർക്കാർ ഭൂമി ഉൾപ്പെടെ 20,000 ചതുരശ്ര അടി സ്ഥലം വേണ്ടിവരുമെന്നാണ് ഏകദേശ കണക്ക്.
ബീച്ചുൾപ്പെടുന്ന ഭാഗത്ത് സർക്കാർ വക ഭൂമിയായതിനാൽ ഏറ്റെടുക്കലിന് സങ്കീർണമായ നടപടികളൊന്നുമില്ലെങ്കിലും എതിർഭാഗത്ത് സ്വകാര്യ വ്യക്തികളുടെ കൈവശത്തിലുള്ള ഭൂമിയും ഉൾപ്പെടാൻ സാദ്ധ്യതയുണ്ട്. നിലവിൽ ദേശീയ പാത അതോറിട്ടി കണ്ടെത്തിയ വസ്തുക്കളുടെ സർവേ നമ്പരും വിസ്തീർണവുമെല്ലാം തിട്ടപ്പെടുത്തിയിട്ടുണ്ടെങ്കിലും ഇത് ഏറ്റെടുക്കുന്നതിനായി റവന്യൂ ഉദ്യോഗസ്ഥന്റെ സേവനം ആവശ്യപ്പെട്ടുളള വിജ്ഞാപനമുണ്ടായിട്ടില്ല. റവന്യൂ വകുപ്പ് ഭൂമിഏറ്റെടുത്ത് ദേശീയ പാത അതോറിട്ടിയ്ക്ക് കൈമാറിയാൽ മാത്രമേ കരാർ കമ്പനിയ്ക്ക് റാമ്പ് നിർമ്മാണം ആരംഭിക്കാനാകൂ.
സർവീസ് റോഡിനും സർവേ വേണം
1.ബൈപ്പാസ് ആകാശപ്പാതയായി ആലപ്പുഴയുടെ തലയ്ക്ക് മുകളിലൂടെ കടന്നുപോകുമ്പോഴും ഇതിന് സമാന്തരമായുള്ള സർവീസ് റോഡുകളുടെ നിർമ്മാണത്തിനും നടപടികൾ അനവധിയാണ്
2.ബൈപ്പാസിന്റെ അതേ വീതിയിലാണ് (45 മീറ്റർ) സർവീസ് റോഡുകളും നിർമ്മിക്കേണ്ടത്. പില്ലറുകളൊഴിച്ചുള്ള ഭാഗത്ത് നാലുവരികളിലായി വേണം സർവീസ് റോഡ്
3.പതിറ്റാണ്ടുകൾക്ക് മുമ്പ് ദേശീയ പാത വികസനത്തിന് വേണ്ടി ഏറ്റെടുക്കാനുദ്ദേശിച്ച സ്ഥലം തീരുമാനിച്ച് അതിരടയാള കല്ലുകൾ സ്ഥാപിച്ചെങ്കിലും കളർകോട് മുതൽ കൊമ്മാടി വരെ പലഭാഗങ്ങളിലും ഭൂമി വീണ്ടും കൈയ്യേറിയിട്ടുണ്ട്
4. അടയാളക്കല്ലുകളെ അടിസ്ഥാനമാക്കി ഭൂമി വീണ്ടും സർവേ നടത്തി വീണ്ടെടുത്താൽ മാത്രമേ സർവീസ് റോഡുകളുടെ നിർമ്മാണം ആരംഭിക്കാനാകൂ
ദേശീയപാത അതോറിട്ടി ഭൂമി ഏറ്റെടുക്കലിനായി ഉദ്യോഗസ്ഥന്റെ സേവനം ആവശ്യപ്പെട്ട് വിജ്ഞാപനമിറക്കിയാലേ റവന്യൂ വകുപ്പിന് ഉദ്യോഗസ്ഥനെ ചുമതലപ്പെടുത്താനും നടപടികൾ ആരംഭിക്കാനുമാകുകയുള്ളൂ
- ഡെപ്യൂട്ടി കളക്ടർ ഇൻ ചാർജ്, ഭൂമി ഏറ്റെടുക്കൽ വിഭാഗം, ആലപ്പുഴ
ഭൂമി ഏറ്റെടുക്കലിന് ഉദ്യോഗസ്ഥന്റെ സേവനം ആവശ്യപ്പെട്ടുള്ള വിജ്ഞാപനം ഉടൻ പുറത്തിറക്കും
-ദേശീയ പാത അതോറിട്ടി