ആലപ്പുഴ: കുട്ടനാട്ടിലെ കായൽനിലമായ റാണിക്കായലിൽ കൃഷിയിറക്കാനുള്ള ഒരുക്കങ്ങൾക്ക്

തിരിച്ചടിയായി മടവീഴ്ച. വേമ്പനാട്ട് കായലിൽ നിന്ന് ഉപ്പുവെള്ളം കയറുന്നത് തടയാൻ കുട്ടനാട് പാക്കേജിന്റെ ഭാഗമായി നിർമ്മിച്ച സ്ളാബ് ഇളകിയതാണ് പാടത്തേക്ക് വെള്ളം കുത്തിയൊഴുകാൻ ഇടയാക്കിയത്.കൃഷിക്കായി റാണിപ്പാടത്തെ വെള്ളം മോട്ടോർ ഉപയോഗിച്ച് വറ്റിക്കുന്നതിനിടെ കായൽ വെള്ളം ഇരച്ചുകയറിയത് പുറംബണ്ട് ബലപ്പെടുത്തൽ ഉൾപ്പെടെയുള്ള പാടമൊരുക്കൽ പ്രവർത്തികൾക്ക് തടസമായി. വേലിയേറ്റ സമയത്താണ് കായൽ വെള്ളം പാടത്തേക്ക് കുത്തിയൊഴുകുന്നത്. കൈനകരി ഗ്രാമ പഞ്ചായത്ത് ഒന്നാം വാർഡായ കുപ്പപ്പുറത്തെ വടക്കേക്കരയിലെ പുറംബണ്ടാണ് തകർന്നത്. കുട്ടനാട് പാക്കേജിന്റെ ഭാഗമായി നടത്തിയ നിർമ്മാണത്തിലെ അപാകതയാണ് ഉപ്പുവെളളത്തെ പ്രതിരോധിക്കാൻ നിർമ്മിച്ച കോൺക്രീറ്റ് സ്ളാബ് തകരാൻ കാരണം.

സ്ളാബ് തകർന്നത് വെല്ലുവിളി

1.റാണിക്കായലിന്റെ 450 ഏക്കർ സ്ഥലത്ത് കൃഷിചെയ്യാനുള്ള അവകാശമാണ് കൃഷി വകുപ്പ് ഇത്തവണ ലേലം ചെയ്തത്.കുമരകം സ്വദേശിയാണ് ലേലത്തിനെടുത്തത്. ചിങ്ങത്തിൽ നിലമൊരുക്കൽ ആരംഭിച്ച് തുലാമാസത്തിൽ കൃഷിയിറക്കി, കുംഭത്തിൽ വിളവെടുക്കുന്നതാണ് ഇവിടത്തെ രീതി

2. കാലവർഷത്തെ വെള്ളം മോട്ടോർ ഉപയോഗിച്ച് വറ്റിച്ച് പുറം ബണ്ട് ബലപ്പെടുത്തിയാണ് കായൽ നിലങ്ങൾ കൃഷിക്കായി ഒരുക്കുന്നത്. ഇതിനായി മോട്ടോറുകൾ സ്ഥാപിച്ച് ബണ്ട് ബലപ്പെടുത്തൽ നടന്നുവരുന്നതിനിടെയാണ് വടക്കേച്ചിറയിൽ സ്ളാബിളകി വെള്ളം കയറിയത്

3. വടക്കേച്ചിറയിൽ മറ്റ് രണ്ട് പുറം ബണ്ടുകൂടി തള്ളിപ്പോയിട്ടുണ്ട്. ഇവ കുത്തിബലപ്പെടുത്തൽ ജോലികൾ ആരംഭിച്ചിട്ടുണ്ട്. റാണിപ്പാടത്തെ മടവീഴ്ചയറിഞ്ഞ് ജില്ലാപ്രിൻസിപ്പൽ കൃഷി ഓഫീസറുടെ നേതൃത്വത്തിൽ കൃഷി, റവന്യൂ വിഭാഗം ഉദ്യോഗസ്ഥരെത്തി സ്ഥിതി ഗതികൾ വിലയിരുത്തി

4. കായൽ ജലം കയറാതിരിക്കാൻ നിർമ്മിച്ച സ്ളാബുകളും പുറംബണ്ടും ബലപ്പെടുത്തുമെന്ന് കൃഷി വകുപ്പ് ഉദ്യോഗസ്ഥർ ക‌ർഷകർക്ക് ഉറപ്പ് നൽകി. വടക്കേച്ചിറ ഭാഗത്തെ പുറംബണ്ടിലെ താമസക്കാരായ കർഷകരുടെ സുരക്ഷ ഉറപ്പാക്കണമെന്ന ആവശ്യവും നാട്ടുകാർ ഉന്നയിച്ചു

റാണിക്കായൽ: 650 ഏക്കർ

കൃഷിചെയ്യുന്നത്: 450 ഏക്കർ

.....................................

കുട്ടനാട് പാക്കേജിലെ അശാസ്ത്രീയ നിർമ്മാണമാണ് പ്രശ്നത്തിന് കാരണം. കൃഷിക്കും താമസത്തിനും ഭീഷണിയാകാത്ത വിധം ബണ്ടും സ്ളാബുകളും ബലപ്പെടുത്തണം

- ആന്റണി, വാർഡ് മെമ്പർ, കുപ്പപ്പുറം.

...................................................

കായലിൽ നിന്നുള്ള സ്ളാബ് തകർന്നതാണ് പ്രശ്നങ്ങൾക്ക് കാരണം. വെള്ളം വറ്റിച്ച് പാടം കൃഷിക്ക് അനുയോജ്യമാക്കുന്നതിനൊപ്പം റാണിക്കായൽ സുരക്ഷിതമാക്കാനുള്ള നടപടികൾ സ്വീകരിക്കും

- ജില്ലാപ്രിൻസിപ്പൽ കൃഷി ഓഫീസർ, ആലപ്പുഴ