ആലപ്പുഴ : ചമ്പക്കുളം ഇടയ്ക്കറുക നാല് നാൽപ്പതിൽ പടിഞ്ഞാറ് ബണ്ടിലെ ട്രാക്ടർ റോഡിൽ (ബണ്ട്കം റോഡ്) കാൽനടക്കാർക്ക് പോലും സഞ്ചരിക്കാൻ കഴിയാതെ കണ്ടകരിവാസികൾ. ചമ്പക്കുളം പഞ്ചായത്തിലെ 5,6,9 വാർഡുകളിലെ 100ഓളം കുടുംബങ്ങളാണ് ദുരിതത്തിലായത്. പുറംബണ്ടിലെ ട്രാക്ടർ റോഡ് കുണ്ടും കുഴിയും നിറഞ്ഞതോടെ ഓട്ടോറിക്ഷ യാത്രപോലും അസാദ്ധ്യമായി. മോട്ടോർ തറ നിർമ്മാണത്തിനായി ഇറക്കിയ ചെളി മഴവെള്ളത്തിൽ നടപ്പാതയിലേക്ക് ഒഴുകുന്നതും യാത്ര ദുരിതത്തിലാക്കി. ചിലഭാഗങ്ങളിൽ പുല്ല് വളർന്ന് കിടക്കുന്നതിനാൽ ഇഴജന്തുക്കളുടെ ശല്യവും വ്യാപക
മാണ്. ചമ്പക്കുളം - എടത്വാ റോഡ് വരും മുമ്പ് ഓട്ടോറിക്ഷകളിലായിരുന്നു പ്രദേശവാസികളുടെ സഞ്ചാരം. ഇതുവഴിയാണ് ചങ്ങനാശേരി, ആലപ്പുഴ, കൊടുപ്പുന്ന ഭാഗത്തേക്ക് യാത്ര ചെയ്തിരുന്നത്. യാത്രക്ലേശം കാരണം പ്രദേശവാസികൾ ഇവിടം വിട്ട് പൊയ്‌ക്കോണ്ടിരിക്കുകയാണ്. ചമ്പക്കുളം എടത്വാ റോഡിൽ നിന്ന് ഇടയ്ക്കറുക നാല് നാൽപ്പതിൽ പടിഞ്ഞാറ് ബണ്ടിൽ തുരുത്തിൽ പാലം മുതൽ വടക്കോട്ട് തെക്കേ തൊള്ളായിരം പാടവുമായി ബന്ധിപ്പിക്കുന്ന പൈങ്ങാക്കളം പാലം വരെയും , അവിടെനിന്ന് ഇല്ലുമുറി തെക്കേ തൊള്ളായിരം പാടത്തിന്റെ തെക്ക് ബണ്ട് വഴി എ.സി റോഡിലും വേഗത്തിലെത്താവുന്ന പാതയാണിത്. ഇടക്കറുക നാലു നാല്പതിൽ കുട്ടനാട് പാക്കേജിൽ മൂന്ന് മീറ്റർ ബണ്ടും വഴിയും വൃത്തിയാക്കാനും തുക അനുവദിച്ചിരുന്നു. ത്രിതല പഞ്ചായത്തിന്റെ പദ്ധതി നടപ്പാക്കാത്തതിൽ പ്രതിഷേധം ഉയരുമ്പോഴും ചമ്പക്കുളത്ത് ഇത്രയധികം യാത്ര ക്ലേശം അനുഭവിക്കുന്ന മറ്റൊരു പ്രദേശമില്ലെന്നാണ് പ്രദേശവാസികൾ പറയുന്നത്.
.........
#വിദ്യാർത്ഥികളും ദുരിതത്തിൽ
ഒമ്പതാം വാർഡിൽ കുളമ്പള്ളി പാടശേഖരത്തിന്റെ കിഴക്ക് വശത്തും വടക്കുവശത്തും തെക്കുവശത്തുള്ളവരും പാതയാണ് ആശ്രയിക്കുന്നത്. അഞ്ചാം വാർഡിലെ ഇല്ലുമുറി തെക്കേതൊള്ളായിരം പാടത്തിന്റെ തെക്ക് ബണ്ടിൽ ഒന്നര കിലോമീറ്റർ നീളത്തിൽ താമസിക്കുന്നവരുടെ പ്രധാന പാതയാണ്. ആറാം വാർഡിൽ ഇടക്കറുക നാല് നാല്പതു പാടശേഖരത്തിൽ പടിഞ്ഞാറും വടക്കുമുള്ളവരുടെ ആശ്രയംകൂടിയാണിത്. കൈനകരി ഡി.വി.എച്ച്.എസ്, ചമ്പക്കുളം സെന്റ് മേരീസ്, ചമ്പക്കുളം ഫാ.തോമസ് പോരുക്കര സെൻട്രൽ സ്കൂൾ, നെടുമുടി, എടത്വാ സ്‌കൂളുകൾ, കോളേജുകൾ വിവിധ അംഗൻവാടികൾ എന്നിവിടങ്ങളിലെ കുട്ടികളും ഇതുവഴിയാണ് സഞ്ചാരം
.........
"പ്രദേശവാസികളുടെ യാത്രാ ദുരിതം പരിഹരിക്കാൻ റോഡിന്റെ പുനരുദ്ധാരണത്തിന് പഞ്ചായത്ത് ഫണ്ട് അനുവദിക്കണം.
മാത്യൂ ആന്റണി, കളപുരക്കൽ, കണ്ടകരി