ചേർത്തല: ശ്രീനാരായണ ഗുരുദേവന്റെ 170ാമത് ജയന്തി ആഘോഷങ്ങൾക്ക് നാടും നഗരവും ഒരുങ്ങി. എസ്.എൻ.ഡി.പി യോഗം ചേർത്തല മേഖലയിൽ 45 ശാഖകളിലും ഈഴവ ഭവനങ്ങളിലും ജയന്തി ആഘോഷങ്ങൾക്ക് തുടക്കം കുറിച്ച് പീത പതാക ഉയർത്തി. വനിതാസംഘത്തിന്റെ നേതൃത്വത്തിൽ പൂക്കളമൊരുക്കിയായിരുന്നു പതാകദിനാഘോഷം.സമ്മേളനം നടക്കുന്ന ശ്രീനാരായണ വിശ്വധർമ്മ ക്ഷേത്രവും യൂണിയൻ അങ്കണവും പരിസരവും മഞ്ഞകൊടികളും തോരണങ്ങളും കൊണ്ട് നിറഞ്ഞു.പതാക ദിനത്തോടനുബന്ധിച്ച് യൂണിയൻ ഓഫീസിന് മുന്നിൽ യൂണിയൻ അഡ്മിനിസ്ട്രേർ ടി.അനിയപ്പൻ പതാക ഉയർത്തി.ചേർത്തല മേഖലാ വൈസ് ചെയർമാൻമാരായപി.ഡി.ഗഗാറിൻ,പി.ജി.രവീന്ദ്രൻ,മേഖല കമ്മിറ്റി അംഗങ്ങളായ അനിൽഇന്ദീവരം,ജെ.പി.വിനോദ്,ആർ.രാജേന്ദ്രൻ,അരൂർ മേഖലാ പ്രസിഡന്റ് തൃദീപ്കുമാർ,കമ്മിറ്റി അംഗം സത്യൻ,ശോഭിനി രവീന്ദ്രൻ,ബേബി ബാബു,അമ്പിളി അപ്പുജി,സുനിത സേതുനാഥ്,ബേബിഷാജി എന്നിവർ സംസാരിച്ചു.

20ന് വൈകിട്ട് 5.30ന് നടക്കുന്ന മഹാസമ്മേളനം മന്ത്രി പി.പ്രസാദ് ഉദ്ഘാടനം ചെയ്യും. മേഖല ചെയർമാൻ കെ.പി.നടരാജൻ അദ്ധ്യക്ഷത വഹിക്കും. ടൂറിസം ഡയറക്ടർ ശിഖ സരേന്ദ്രൻ മുഖ്യപ്രഭാഷണം നടത്തും. പിന്നാക്ക വികസന കോർപ്പറേഷൻ ചെയർമാൻ അഡ്വ.കെ.പ്രസാദ് ജയന്തി സന്ദേശം നൽകും.മുനിസിപ്പൽ ചെയർപേഴ്സൺ ഷേർളി ഭാർഗവൻ മംഗല്യനിധി വിതരണം ചെയ്യും.കാർഷിക വികസന ബാങ്ക് സംസ്ഥാന പ്രസിഡന്റ് അഡ്വ.സി.കെ.ഷാജിമോഹൻ സ്‌കോളർഷിപ്പ് വിതരണം ചെയ്യും.മുനിസിപ്പൽ വൈസ് ചെയർമാൻ ടി.എസ്.അജയകുമാർ പ്രതിഭകളെ ആദരിക്കും.അഡ്വ.പി.എസ്.ജ്യോതിസ്,അഡ്വ.പി.കെ.ബിനോയ്, പി.ജി.രവീന്ദ്രൻ,അനിൽ ഇന്ദീവരം,ജെ.പി.വിനോദ്,ആർ.രാജേന്ദ്രൻ എന്നിവർ സംസാരിക്കും. യൂണിയൻ അഡ്മിനിസ്‌ട്രേറ്റർ ടി.അനിയപ്പൻ സ്വാഗതവും വൈസ് ചെയർമാൻ പി.ഡി.ഗഗാറിൻ നന്ദിയും പറയും.

ദുരിതാശ്വാസ നിധിയിലേയ്ക്ക്

2 ലക്ഷം നൽകും

വയനാട് ദുരന്തത്തിന്റെ പശ്ചാത്തലത്തിൽ ജയന്തി ഘോഷയാത്രയും കലാപരിപാടിയും ഒഴിവാക്കി ആദ്യഘട്ടമായി രണ്ട് ലക്ഷം രൂപ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേയ്ക്ക് നൽകാൻ തീരുമാനിച്ചതായി മേഖല ചെയർമാൻ കെ.പി.നടരാജൻ അറിയിച്ചു. പ്രകൃതി ദുരന്തത്തിൽ കൈതാങ്ങാകണമെന്ന യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്റെ അഭ്യർത്ഥനയെ തുടർന്നാണ് ചേർത്തല മേഖലയും പങ്കാളികളാകുന്നതെന്നും അദ്ദേഹം പറഞ്ഞു.