prathi

ആലപ്പുഴ : അപകടാവസ്ഥയിലുള്ള വൈദ്യുതി ലൈൻ മാറ്റി സ്ഥാപിക്കാത്തതിൽ കെ.എസ്.ഇ.ബി ഓഫീസിന് മുന്നിൽ ചിത്രപ്രദർശനം നടത്തി പഞ്ചായത്തംഗത്തിന്റെ പ്രതിഷേധം. മാരാരിക്കുളം തെക്ക് ഗ്രാമ പഞ്ചായത്തംഗം ടി.പി.ഷാജിയാണ് ആലപ്പുഴ പവർ ഹൗസ് ഓഫീസിന് മുന്നിൽ കെ.എസ്.ഇ.ബിയുടെ അനാസ്ഥയും അപകടസാദ്ധ്യതയും വിവരിക്കുന്ന പത്രവാർത്തകളും ചിത്രങ്ങളുമായി പ്രതിഷേധിച്ചത്. അപകട സാദ്ധ്യതയുള്ളതും ജനങ്ങൾക്ക് ഏറെ ബുദ്ധിമുട്ടുണ്ടാക്കുന്നതുമായ കളത്തിൽ-ദേശീയപാത 11 കെ.വി ലൈൻ മാറ്റിസ്ഥാപിക്കാൻ തയ്യാറാകാത്ത അധികൃതരുടെ നടപടിയിൽ പ്രതിഷേധിച്ചായിരുന്നു സമരം. 25 ഓളം പുരയിടങ്ങൾക്കും 15ൽപ്പരം വീടുകൾക്കും മുകളിലൂടെ കടന്നുപോകുന്ന ഈ വൈദ്യുതി ലൈൻ പാതിരപ്പള്ളി സെക്ഷന്റെ പരിധിയിലാണ്. ടി.പി.ഷാജിയുടെ പരാതിയെ തുടർന്ന് കെ.എസ്.ഇ.ബി തർക്കപരിഹാര ഫോറമായ സി.ജി.ആർ.എഫ് കമ്മീഷൻ അംഗങ്ങൾ സ്ഥലം സന്ദർശിക്കുകയും

ലൈൻ അഴിച്ചുമാറ്റാൻ ഉത്തരവിടുകയും ചെയ്തിരുന്നു. ഇതിനെതിരെ എസ്.എൽ പുരം വൈദ്യുതി ഓഫീസിലെ എ.എക്‌സ്.ഇ നൽകിയ റിവ്യൂ ഹർജി,​ കളമശേരിയിലെ സി.ജി.ആർ.എഫ് മധ്യമേഖലാവിഭാഗം തള്ളുകയും ഉത്തരവ് നടപ്പിലാക്കാൻ നിർദേശിക്കുകയും ചെയ്തിരുന്നു. എന്നാൽ,​ ഇത് നടപ്പാക്കാൻ കെ.എസ്.ഇ.ബി കൂട്ടാക്കാത്തതിൽ പ്രതിഷേധിച്ചാണ് ടി.പി.ഷാജി ചിത്ര പ്രദർശന സമരം സംഘടിപ്പിച്ചത്.