ആലപ്പുഴ: നാടൻ പച്ചക്കറികളുടെ പേരിൽ ഈടാക്കുന്ന അമിത വില ജനത്തെ ഹോർട്ടികോർപ്പ് സ്റ്റാളുകളിൽ നിന്ന് അകറ്റുന്നു. പൊതുവിപണിയേക്കാൾ കൂടിയ വിലയോ, അതേ വിലതന്നെയോ ആണ് ഹോർട്ടികോർപ്പിലുള്ളത്. കർഷകർക്ക് ന്യായ വില ഉറപ്പാക്കാനും ഉപഭോക്താക്കൾക്ക് പൊതുവിപണിയേക്കാൾ കുറഞ്ഞവിലയ്ക്ക് പച്ചക്കറികൾ ലഭ്യമാക്കാനും സർക്കാരോ, കൃഷി വകുപ്പോ ഇടപെട്ടില്ലെങ്കിൽ വിറ്റുവരവ് കുറയാനും അതുവഴി ഹോർട്ടികോർപ്പ്
അധികം താമസിയാതെ നഷ്ടത്തിലേക്ക് കൂപ്പുകുത്തുമെന്നും ഉറപ്പാണ്.
വിലക്കയറ്റത്തിൽ നിന്ന് ജനത്തിന് ആശ്വാസമേകാൻ സർക്കാരും കൃഷി വകുപ്പും പലപ്പോഴും പച്ചക്കറി ഇനങ്ങൾക്ക് സബ്സിഡി പ്രഖ്യാപിക്കാറുണ്ട്. എന്നാൽ കാലവർഷവും ട്രോളിംഗ് നിരോധന കാലയളവായ ജൂൺ- ജൂലായ് മാസത്തിൽ പോലും ഇത്തരത്തിൽ യാതൊരു ഇളവുമുണ്ടായില്ല.മഴയുടെ പേരിൽ കഴിഞ്ഞ രണ്ട് മാസമായി പച്ചക്കറിവിലയിൽ യാതൊരുകുറവും ഹോർട്ടികോർപ്പ് സ്റ്റാളുകളിൽ ഉണ്ടായിട്ടില്ല. വഴിയോര വിപണിയുമായി താരതമ്യം ചെയ്യുമ്പോൾ വൻ അന്തരത്തിലാണ് ഹോർട്ടികോർപ്പിലെ വിൽപ്പന. വയനാട് ഉൾപ്പെടെ വടക്കൻ കേരളത്തിലെ കനത്ത മഴയും പ്രളയവും സാധനങ്ങളുടെ വരവ് കുറയാൻ കാരണമായിട്ടുണ്ട്. ചേർത്തല, കഞ്ഞിക്കുഴി, തകഴി ഭാഗങ്ങളിൽ നിന്ന് ശേഖരിച്ച പച്ചക്കറികളാണ് ആലപ്പുഴയിലെ സ്റ്റാളുകളിൽ വിൽപ്പനയിലുള്ളത്.
ശമ്പളം മുടങ്ങിയിട്ട് മൂന്നുമാസം
1.കൃഷി വകുപ്പിൽ നിന്നും മറ്റും ഡെപ്യുട്ടേഷനിൽ എത്തിയിട്ടുള്ള ഓഫീസ് ജീവനക്കാർക്കും ചുമതലക്കാരുമൊഴികെ സ്റ്റാളുകളിലും സെയിൽസിലും ഗോഡൗണുകളിലും ജോലി ചെയ്യുന്ന ജീവനക്കാർക്ക് മൂന്നുമാസമായി ശമ്പളമില്ല
2.സ്കൂൾ തുറപ്പിന് മുന്നോടിയായി മേയ് മാസമാണ് ദിവസവേതനക്കാരായ ഇവർക്ക് ശമ്പളം ലഭിച്ചത്. രണ്ട് ഡസനോളം ജീവനക്കാരാണ് ആലപ്പുഴയിലുള്ളത്. ഹോർട്ടികോർപ്പിലെ വിറ്റുവരവ് കുറഞ്ഞതാണ് പ്രശ്നങ്ങൾക്ക് കാരണം
3.വിൽപ്പന കുറഞ്ഞതുമൂലമുണ്ടാകുന്ന നഷ്ടത്തിന്റെ അഞ്ച് ശതമാനം തുക ജീവനക്കാരുടെ ശമ്പളത്തിൽ നിന്ന് ഈടാക്കുമെന്നതാണ് മറ്റൊരു വൈചിത്ര്യം. നാടൻ പച്ചക്കറികളാണെന്ന കാരണത്താൽ വിലകാര്യമാക്കാതെ വാങ്ങാനെത്തുന്നവർ മാത്രമാണ് ഹോർട്ടികോർപ്പിന്റെ ഇപ്പോഴത്തെ ആശ്രയം
4. നിലവിലെ സ്ഥിതി വച്ചുനോക്കിയാൽ അടുത്ത മാസം ഓണമെത്താനിരിക്കെ സബ്സിഡി പ്രഖ്യാപിച്ചാലല്ലാതെ ഹോർട്ടികോർപ്പിൽ അടുത്തകാലത്തൊന്നും വിലക്കുറവിന് സാദ്ധ്യതയില്ലെന്നതാണ് സത്യം
വിലനിലവാരം
(ഹോർട്ടികോർപ്പ്, പൊതുവിപണി)
സവാള..........52.............50
കിഴങ്ങ്..........52..............50
പാവയ്ക്ക..........52...............48-50
പയർ..............42...............40
ബീൻസ്..........55..............50
പച്ചമുളക്......90................90
ഇഞ്ചി.............175..............80-100
പച്ചക്ക............45................40
തക്കാളി..........30................30
ചേന...............96................85-90
ബീറ്റ് റൂട്ട്.........55.................45
കാരറ്റ്.............100................100
വെള്ളരി...........30.................25
തടിയൻ............32.................22
പടവലം.............45.................35-40
കർഷകരിൽ നിന്ന് നേരിട്ട് സംഭരിക്കുന്ന സാധനങ്ങളായതിനാൽ അന്യസംസ്ഥാനങ്ങളിൽ നിന്ന് കച്ചവടക്കാരെത്തിക്കുന്ന പച്ചക്കറികളെപ്പോലെ വിലകുറച്ച് നൽകാൻ സാധിക്കില്ല. സർക്കാരോ കൃഷി വകുപ്പോ ആണ് സബ് സിസി പ്രഖ്യാപിക്കേണ്ടത്. ഓണക്കാലത്ത് സബ്സിഡി പ്രഖ്യാപിച്ചേക്കും
- ഹോർട്ടികോർപ്പ് ഓഫീസ് , ആലപ്പുഴ