വള്ളികുന്നം: വള്ളികുന്നത്ത് ഭീതിയൊഴിയാതെ കാട്ടുപന്നി ആക്രമണം. ഇന്നലെ തൊഴുത്തിൽ കെട്ടിയിട്ടിരുന്ന പശുവിന് നേരെയായിരുന്നു കാട്ടുപന്നിയുടെ പരാക്രമം. വള്ളികുന്നം കൊണ്ടോടിമുകൾ വാർഡിൽ മുണ്ടിയാലുംവിളയിൽ പുഷ്കരന്റെ പശുവാണ് ആക്രമണത്തിനിരയായത്. ഇന്നലെ പുലർച്ചെ മൂന്നരയോടെയായിരുന്നു സംഭവം. തൊഴുത്തിൽ പശുവിന്റെ ഭയന്നുള്ള കരച്ചിലും ബഹളവും കേട്ട് വീട്ടുകാർ ഉണർന്നപ്പോൾ പന്നി ഓടി മറഞ്ഞു. മുക്കിന്റെയും വായയുടെയും ഭാഗത്ത് നിന്ന് രക്തം വാർന്ന പശുവിനെ മൃഗ ഡോക്ടറെത്തി ചികിത്സ നൽകി. ആഴത്തിലുണ്ടായ മുറിവ് പശുവിന് തീറ്റയെടുക്കാനും വെള്ളംകുടിക്കാനും ബുദ്ധിമുട്ടുണ്ടാക്കുന്നുണ്ട്. പഞ്ചായത്ത് പ്രസിഡന്റ് ഡി. രോഹിണി, വില്ലേജ് ഓഫീസർ , വാർഡ് മെമ്പർ തൃദീപ് കുമാർ എന്നിവർ പുഷ്കരന്റെ വീട് സന്ദർശിച്ചു.
ഏതാനും മാസം മുമ്പ് കൃഷിപ്പണിയിലേർപ്പെട്ടിരുന്ന അയൽവാസികളായ മൂന്നുപേർ ഇവിടെ കാട്ടുപന്നി ആക്രണത്തിനിരയായി ഗുരുതരമായി പരിക്കേറ്റിരുന്നു. കപ്പയും വാഴയും തെങ്ങുകളും പച്ചക്കറികളുമുൾപ്പെടെ കൃഷികൾ നശിപ്പിക്കുന്നത് നിത്യസംഭവമാണ്. രണ്ട് ദിവസം മുമ്പ് കൊണ്ടോടിമുകൾ വാർഡിലെ സഹദേവൻ, ശാരദ എന്നിവരുടെ മരച്ചീനി കൃഷി നശിപ്പിച്ചിരുന്നു. വള്ളികുന്നം പഞ്ചായത്തിലെ കടുവിനാൽ, പുത്തൻ ചന്ത, പടയണിവെട്ടം, മിൽമ തുടങ്ങിയ സ്ഥലങ്ങളിലും കാട്ടുപന്നികളുടെ ശല്യം രൂക്ഷമായിട്ടുണ്ട്. പട്ടാപ്പകൽപോലും കൂട്ടമായി വീടുകളുടെ പരിസരവും പറമ്പുകളും കൈയ്യടക്കുന്ന പന്നികൾ തൊഴിലുറപ്പ് തൊഴിലാളികൾ ഉൾപ്പെടെ നാട്ടുകാർക്കാകെ ഭീഷണിയാണ്. സമീപ പഞ്ചായത്തായ താമരക്കുളത്ത് ജനങ്ങൾക്ക് ഭീഷണിയായ പന്നിക്കൂട്ടത്തെ വെടിവച്ച് കൊന്നെങ്കിലും വള്ളികുന്നത്ത് പഞ്ചായത്ത് ഭരണസമിതി ഷൂട്ടറെ നിയോഗിച്ചതല്ലാതെ കാട്ടുപന്നിവേട്ട ഇനിയും നടന്നിട്ടില്ല.
.....................................................
''വളർത്തുമൃഗങ്ങൾക്കും കൃഷിയ്ക്കും പന്നിക്കൂട്ടം ഭീഷണിയായിട്ടുണ്ട്. ഷൂട്ടറെ വിളിച്ചുവരുത്തി കർഷകരുടെ സഹായത്തോടെ കാട്ടുപന്നികളുടെ താവളം കണ്ടെത്തി തുരത്താനുള്ള നടപടി സ്വീകരിക്കും
- തൃദീപ് കുമാർ, ഗ്രാമപഞ്ചായത്തംഗം, കൊണ്ടോടിമുകൾ
............................
''കാട്ടുപന്നി ആക്രമണം പതിവായ സാഹചര്യത്തിൽ ഉടൻ ഷൂട്ടറുടെ സേവനം ഉപയോഗപ്പെടുത്തി പന്നികളെ തുരത്താൻ ആവശ്യമായ നടപടി സ്വീകരിക്കും. കുറ്റിക്കാടുകളിലും മറ്റുമാണ് ഇവ ഒളിച്ചിരിക്കുന്നത്. പൊതുജനങ്ങളുടെയും ജനപ്രതിനിധികളുടെയും യോഗം വിളിച്ച് കാടുകൾ വെട്ടിത്തെളിച്ച് ഇവയ്ക്ക് ഒളിച്ചിരിക്കാനുള്ള ഇടം ഇല്ലാതാക്കുന്നതിനൊപ്പം വെടിവച്ച് കൊല്ലാനാവശ്യമായ നടപടി കൈക്കൊളളും.
-ഡി. രോഹിണി. പ്രസിഡന്റ്, വള്ളികുന്നം ഗ്രാമപഞ്ചായത്ത്