aravu

ആലപ്പുഴ: അറവിന് ആധുനിക സംവിധാനം ഉറപ്പാക്കണമെന്ന സുപ്രീംകോടതി ഉത്തരവ് ജില്ലയിലെ നഗരസഭകൾ അറിഞ്ഞമട്ടില്ല. ചേർത്തല, ആലപ്പുഴ, ഹരിപ്പാട്, കായംകുളം, മാവേലിക്കര, ചെങ്ങന്നൂർ നഗരസഭകളാണ് ജില്ലയിലുള്ളത്. ഇതിൽ ഹരിപ്പാട് നഗരസഭയിൽ

അറവുശാല പോലുമില്ല. രണ്ടുകോടിയോളം രൂപ ചെലവഴിച്ച് 15വർഷം മുമ്പ് പൂർത്തിയായ

ആലപ്പുഴ വഴിച്ചേരിയിലെ അറവുശാല ഇപ്പോൾ ഹരിതകർമ്മസേനയുടെ പ്ലാസ്റ്റിക് സംഭരണകേന്ദ്രമാണ്. പല അറവുശാലകളും മാനദണ്ഡങ്ങൾ പാലിക്കാതെയാണ് പ്രവർത്തിക്കുന്നത്. പ്രാകൃതരീതിയിൽ അറവുനടത്തി മാംസം വിതരണംചെയ്യുന്ന അവസ്ഥയാണ് നാട്ടിൽ നിലവിലുള്ളത്. ആധുനിക അറവുശാലകളിൽ യന്ത്രസഹായത്തോടെ മാംസം മുറിക്കൽ, എല്ല് നീക്കം ചെയ്യൽ, അറവുമാലിന്യം വേർതിരിക്കൽ എന്നിവയെല്ലാം വളരെ വേഗത്തിലും ശാസ്ത്രീയമായും ചെയ്യാനാകും. കിഫ്ബി വഴി പുതിയ അറവുശാലയ്ക്ക് പദ്ധതിയിട്ടെങ്കിലും എങ്ങുമെത്തിയില്ല.

ഹരിപ്പാട് സാദ അറവുശാലപോലുമില്ല

1.ഹരിപ്പാട് നഗരസഭ നിലവിൽ വന്നിട്ട് ഏഴ് വർഷമായിട്ടും സാധാരണ അറവുശാലപോലും ഇവിടെയില്ല. ആധുനിക അറവുശാലയ്ക്ക് സ്ഥലം കണ്ടെത്തുകയോ പദ്ധതിയിൽ ഉൾപ്പെടുത്തി ഫണ്ട് നീക്കിവയ്ക്കുകയോ ചെയ്തിട്ടില്ല. അറവു നടക്കുന്നത് പൊതുനിരത്തിലാണ്.

2. 2009ൽ നിർമ്മിച്ചതാണ് ആലപ്പുഴ വഴിച്ചേരിയിലെ അറവുശാല. മാനദണ്ഡങ്ങൾ പാലിക്കാത്തതിനാൽ അറവ് നടക്കുന്നില്ല. മാറിമാറി അധികാരത്തിലെത്തിയവർ ആധുനിക അറവുശാല പദ്ധതി ആവർത്തിച്ച് പറയുന്നുണ്ടെങ്കിലും എങ്ങുമെത്തിയില്ല. മലിനീകരണ നിയന്ത്രണ ബോർഡിന്റെ അനുമതിയില്ലാത്തതിനാൽ വികസന പദ്ധതിയും പാളി


3. ഹരിതകർമസേന ശേഖരിക്കുന്ന പ്ലാസ്റ്റിക്ക് മാലിന്യം വേർതിരിച്ച് ക്ലീൻകേരള മിഷനും മറ്റും നല്കുന്നതാണ് ഇപ്പോൾ ഇവിടെ നടക്കുന്നത്. കോടികൾ ചെലവഴിച്ച് പണിത കെട്ടിടം ഇതിനെങ്കിലും ഗുണകരമാകട്ടെ എന്ന നിലപാടിലാണ് നഗരസഭ അധികൃതർ.

4.നഗരത്തിലൊരിടത്തും മാന്യമായി അറവുനടത്താൻ സംവിധാനമില്ലാത്തതിന്റെ ദുരിതം ഇപ്പോഴും പേറുകയാണ് ആലപ്പുഴ നിവാസികൾ. നൂറ്റിയമ്പതോളം അറവുകേന്ദ്രൾ നഗരത്തിലുണ്ടെങ്കിലും വൃത്തിയുള്ള അന്തരീക്ഷം പോലും മിക്ക കേന്ദ്രങ്ങൾക്കുമില്ല

ആധുനിക അറവുശാല ശാസ്ത്രീയമായ രീതിയിൽ നടപ്പിലാക്കാൻ നഗരസഭ നടപടി ആരംഭിച്ചു. പുതിയ അറവുശാലക്ക് ആവശ്യമായ സ്ഥലം ഏറ്റെടുക്കാൻ കഴിഞ്ഞ കൗൺസിൽ ചർച്ചചെയ്തു. തീരുമാനം വൈകാതെ ഉണ്ടാകും.

- മുംതാസ്, സെക്രട്ടറി, നഗരസഭ, ആലപ്പുഴ

ശുചിത്വമിഷന്റെ സഹായത്തോടെ ആധുനിക അറവുശാലയ്ക്ക് അടുത്ത പദ്ധതിയിൽ ഉൾപ്പെടുത്തും

- രാമകൃഷ്ണൻ, ചെയർമാൻ, നഗരസഭ, ഹരിപ്പാട്