photo

ആലപ്പുഴ : ദിവസം മുക്കാൽ ലക്ഷംരൂപ വരുമാനമുണ്ടായിരുന്ന ആലപ്പുഴ ഡിപ്പോയിൽ നിന്നുള്ള കൊല്ലൂർ മൂകാംബിക കെ.എസ്.ആർ.ടി.സി സ്വിഫ്റ്റ് സർവീസ് മുടങ്ങിയിട്ട ഒരുമാസം. ബസിന്റെ ഗിയർബോക്സിന്റെ തകരാർ പരിഹരിക്കാൻ ഗ്യാരേജിൽ കയറ്റിയിട്ടിട്ട് ആഴ്ചകൾ കഴിഞ്ഞു.

രണ്ട് ദിവസം കൊണ്ട് പരിഹരിക്കാൻ കഴിയുന്ന അറ്റകുറ്റപ്പണി സാങ്കേതിക കാരണങ്ങൾ പറഞ്ഞ് വൈകിപ്പിക്കുന്നതായും ആക്ഷേപമുണ്ട്. ആലപ്പുഴയിൽ നിന്ന് രണ്ട് സ്വിഫ്റ്റ് ബസുകളാണ് കൊല്ലൂർ മൂകാംബികയിലേക്ക് സർവീസ് നടത്തിയിരുന്നത്. ഇതിൽ വൈകിട്ട് 4ന് ആലപ്പുഴയിൽ നിന്ന് ആരംഭിച്ച് അടുത്ത ദിവസം ഉച്ചക്ക് കൊല്ലൂരിലെത്തുന്ന ബസാണ് ഗ്യാരേജിൽ വിശ്രമിക്കുന്നത്.

തൃശൂർ, കോഴിക്കോട്, കണ്ണൂർ ഭാഗങ്ങളിലെത്തുമ്പോൾ സാങ്കേതിക തകരാറിന്റെ പേരിൽ യാത്രക്കാർക്ക് പതിവായി ബസ് മാറിക്കയറേണ്ട അവസ്ഥ വന്നതോടെയാണ് അറ്റകുറ്റപ്പണിചെയ്യാൻ തീരുമാനിച്ചത്. ലഗേജുകൾ ഉൾപ്പെടെ അടുത്ത ബസിലേക്ക് മാറ്റേണ്ടിവരുന്ന ബുദ്ധിമുട്ട് യാത്രക്കാർ പരാതിയായി ഉന്നയിച്ചിരുന്നു. മംഗലാപുരം, ഉടുപ്പി, മണിപ്പാൽ എന്നിവിടങ്ങളിലെ വിദ്യാർത്ഥികൾക്ക് ആലപ്പുഴയിൽ നിന്നുള്ള സർവീസ് വലിയ ആശ്വാസമായിരുന്നു. അറ്റകുറ്റപ്പണികൾ കൃത്യമായി നടത്താത്തതാണ് പതിവായി ബസ് വഴിയിലാകാൻ കാരണം.