#ഇന്ന് ലോക ഫോട്ടോഗ്രാഫി ദിനം
മാന്നാർ: വലിയ ധൈര്യശാലികളെന്ന് ഊറ്റംകൊള്ളുന്ന പുരുഷന്മാർ പോലും കയറിച്ചെല്ലാൻ പേടിക്കുന്ന മോർച്ചറിക്കുള്ളിലേക്ക് ക്യാമറയുമായി കടന്നെത്തുന്ന പെൺകരുത്താണ് ഷൈജ തമ്പിയെന്ന നാല്പത്തിയൊന്നുകാരി. ഏറെ വെല്ലുവിളികൾ അതിജീവിച്ച്, ഇൻക്വസ്റ്റ് ഫോട്ടോഗ്രാഫിയിൽ രണ്ടുപതിറ്റാണ്ടു പിന്നിടുകയാണ് ചെന്നിത്തല ചെറുകോൽ ചെറുമണ്ണാത്ത് ഷൈജ തമ്പി. ആത്മഹത്യയും കൊലപാതകവും അപകടമരണവുമൊക്കെയായി മോർച്ചറിയിലെത്തിയ 300 ലധികം മൃതദേഹങ്ങളെ ഇതിനകം ഈ യുവതി ക്യാമറയിൽ പകർത്തിയിട്ടുണ്ട്. നൂറനാട് പണയിൽ സ്വദേശി വിക്രമൻ തമ്പിയുടെയും ശാന്തയുടെയും മകളായ ഷൈജ, നിരവധി സ്റ്റുഡിയോകളിൽ ജോലി ചെയ്ത ശേഷം ഭർതൃഗൃഹത്തിന് സമീപം ചെന്നിത്തല ചെറുകോലിൽ എ.എസ്.ജി സെന്റർ എന്ന പേരിൽ ഒരു സ്റ്റുഡിയോ നടത്തിവരികയാണ്. കരാർ അടിസ്ഥാനത്തിൽ പി.ആർ.ഡി ഫോട്ടോഗ്രാഫറായും ജോലി ചെയ്യുന്നുണ്ട്.
ഏറെ കഷ്ടപ്പാടുകൾ സഹിച്ച് അജ്ഞാത മൃതദേഹങ്ങളുടെ ചിത്രമെടുത്ത് നൽകിയിട്ട് പ്രതിഫലത്തിനായി ഓഫീസുകൾ കയറി ഇറങ്ങുന്നതാണ് വലിയ ദുരിതമെന്ന് ഷൈജ തമ്പിപറയുന്നു. എന്നിട്ടും ക്യാമറയെ ഹൃദയത്തോട് ചേർത്തുപിടിക്കുന്ന ഈയുവതിക്ക് കരുത്തുപകരാൻ ഡ്രൈവറായ ഭർത്താവ് അനിൽകുമാറിനൊപ്പം ഭർതൃമാതാവ് ജഗദമ്മയും ചെറുകുന്നം എസ്.എൻ സെൻട്രൽ സ്‌കൂൾ പത്താംക്‌ളാസ് വിദ്യാർത്ഥിയായ മകൻ ഗുരുദാസുമുണ്ട്.
പ്രചോദനം
കായംകുളം എം.എസ്.എം കോളേജിൽ ബി.കോം ബിരുദ വിദ്യാർത്ഥിയായിരിക്കെ വീട്ടുകാർ പോലും അറിയാതെ ഗവ.വിമൻസ് കോളേജിൽ നിന്ന് ഫോട്ടോഗ്രാഫി പഠിച്ച് എ ഗ്രേഡോടെ പാസായിവന്ന മകൾക്ക് അച്ഛൻ സ്വർണം പണയം വച്ച് വാങ്ങി നൽകിയ ക്യാമറയിൽ തുടങ്ങിയതാണ് ഷൈജ തമ്പിയുടെ ഫോട്ടോഗ്രാഫി ജീവിതം. അതിന് പ്രചോദനമായതാകട്ടെ
നാലാം ക്‌ളാസിൽ പഠിക്കുമ്പോൾ പുസ്തകം പൊതിഞ്ഞ കേരളകൗമുദി പത്രത്താളിൽ കണ്ട ആനപരിപാലത്തിനായി ഇറങ്ങിത്തിരിച്ച ആദ്യവനിത നിഭ നമ്പൂതിരിയുടെ ജീവിതവും.
അഭിമാനം
ആലപ്പുഴ മെഡിക്കൽ കോളേജിൽ നിന്ന് ആരംഭിച്ച ഇൻക്വസ്റ്റ് ഫോട്ടോഗ്രഫിയിലെ സമർപ്പിത സേവനത്തിന് പുരസ്‌കാരങ്ങൾ ഏറെ ലഭിച്ചിട്ടുണ്ടെങ്കിലും കഴിഞ്ഞ മാസം എസ്.എൻ.ഡി.പിയോഗം മാന്നാർ യൂണിയന്റെ ആദരവ് യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശനിൽ നിന്ന് ഏറ്റുവാങ്ങാൻ കഴിഞ്ഞതാണ് തനിക്ക് ലഭിച്ച ഏറ്റവും വലിയ അംഗീകാരമെന്ന് ഷൈജ തമ്പി അഭിമാനത്തോടെ പറയുന്നു.