മനുഷ്യസമൂഹത്തെ ഏകഭാവത്തിൽ കാണാൻ ശ്രമിച്ച ശ്രീനാരായണ ഗുരുവിന്റെ സ്മരണകളിൽ ദീപ്തമാകുന്ന മറ്റൊരു ചിങ്ങമാസം കൂടിയെത്തി. ഗുരുവിന്റെ ജന്മംകൊണ്ട് അനുഗൃഹീതമായ നാടാണ് കേരളം. ആശ്രയിക്കുന്നവരെ കൈവിടാത്ത ഗുരു ഏതു പ്രതിസന്ധിയിലും നിഴൽ പോലെ നമുക്കൊപ്പം നിലകൊള്ളുന്നു. നമ്മെ കൈവെളളയിൽ കാത്ത് പരിപാലിക്കുന്നു. നരന് നരൻ അശുദ്ധവസ്തുവായിരുന്ന ഒരു കെട്ടകാലത്തിൽ നിന്ന് ഗുരു നമ്മെ വിമോചിപ്പിക്കുകയും, മതമേതായാലും മനുഷ്യൻ നന്നായാൽ മതി എന്ന മഹാസന്ദേശം പഠിപ്പിക്കുകയും ചെയ്തു.
ജാതി ഇല്ലാതാകണമെങ്കിൽ സമുദായങ്ങൾ തമ്മിലുളള ഉച്ചനീചത്വങ്ങൾ ഇല്ലാതാകണം. എല്ലാ വിഭാഗം മനുഷ്യർക്കും, അവസരങ്ങളിലും വിഭവങ്ങളിലും വിദ്യാഭ്യാസത്തിലും തുല്യമായ പങ്ക് ലഭിക്കുകയും എല്ലാവർക്കും ആത്മാഭിമാനത്തോടെ ജീവിക്കാനുള്ള സാഹചര്യം ഉണ്ടാവുകയും വേണം. സുവ്യക്തമായ കാഴ്ചപ്പാടും പ്രവർത്തന പദ്ധതിയും ഗുരുവിന് ഇക്കാര്യത്തിലുണ്ടായിരുന്നു. അടിസ്ഥാനപരമായി മനുഷ്യന്റെ പ്രശ്നങ്ങൾക്ക് പരിഹാരം കണ്ടെത്തേണ്ടത് മനുഷ്യൻ തന്നെയാണ്. ഇവിടെ മനുഷ്യൻ എന്നു പറയുമ്പോൾ ജാതി, മത, വർഗ, വർണ വ്യത്യാസമില്ലാത്ത മനുഷ്യൻ എന്നുതന്നെ പറയാം. അത്തരം ചിന്താഗതിയുള്ളവർക്കു മാത്രമേ ഈ ലോകത്തെ മാറ്റിമറിക്കാൻ കഴിയൂ. ലോകജീവിതം സമാധാനപൂർണമാക്കാനും കഴിയൂ. സമത്വസുന്ദരമായ ഒരു ലോകമാണ് ഗുരു വിഭാവനം ചെയ്തത്.
'ജാതിഭേദം മതദ്വേഷം ഏതുമില്ലാതെ സർവരും സോദരത്വേന വാഴുന്ന മാതൃകാസ്ഥാനമാണിത്", 'വാദിക്കാനും ജയിക്കാനുമല്ല, അറിയാനും അറിയിക്കാനുമാണ്"എന്ന ഗുരു വചനം കേരളീയരെ മാത്രമല്ല, ഗുരുവിനെ അറിയുന്ന മനുഷ്യരെയെല്ലാം സ്വാധീനിച്ചു. ഏത് ഗുരുവചനം പരിശോധിച്ചാലും എല്ലാത്തരം വിഭാഗീയതകൾക്കും അപ്പുറമുള്ള മനുഷ്യനന്മയും സമഭാവനയോടുള്ള ജീവിതവും അഭിലഷിക്കുന്ന ഗുരുവിനെ കാണാം. ഗുരു ഇങ്ങനെയും പറഞ്ഞിട്ടുണ്ട്: 'കൃഷി ചെയ്യണം, കൃഷിയാണ് ജീവരാശിയുടെ നട്ടെല്ല്."എല്ലാ കാലത്തേക്കുമായുളള ഇത്തരം പാഠങ്ങൾ ഗുരു നമുക്ക് പകർന്നു നൽകി. എല്ലാ അർത്ഥത്തിലും പൂർണതയോട് അടുത്തു നിന്ന നന്മയുടെ മൂർത്തീഭാവമായിരുന്നു ശ്രീനാരായണ ഗുരു.
നാം ജീവിക്കുന്ന ഈ കാലം പരിസ്ഥിതി നാശങ്ങളുടേതാണ്. രണ്ടു തവണ മഹാപ്രളയം പോലുള്ള പ്രകൃതിക്ഷോഭങ്ങളെ നേരിട്ടവരാണ് നമ്മൾ. ആ സന്ദർഭങ്ങളിലൊക്കെ എല്ലാത്തരം വിഭാഗീയതകളും മറന്ന് തോളോടുതോൾ ചേർന്ന് പ്രവർത്തിച്ചതിന്റെ ഫലമായാണ് കെടുതികളെ അതിജീവിക്കാൻ നമുക്കു സാധിച്ചത്. പ്രശ്നങ്ങളിലും പ്രതിസന്ധികളിലും സങ്കടങ്ങളിലും താങ്ങും തുണയുമായി നിൽക്കുന്ന മനുഷ്യരാശിയാണ് വരും കാലങ്ങളിൽ നമ്മുടെ നിലനിൽപ്പിന്റെ അടിസ്ഥാനം. ആ ബോധം ഉൾക്കൊള്ളുന്നവർ ഗുരുവചനം മുറുകെപ്പിടിച്ച് പൊതുസമൂഹത്തിന്റെ നന്മയ്ക്കായി നിലകൊള്ളണം. സങ്കുചിതമായ ചിന്തകളും വേർതിരിവുകളും അവരെ സ്പർശിക്കുക പോലുമില്ല.
'അവനവനാത്മസുഖത്തിനാചരിക്കുന്നവ/ അപരന്നു സുഖത്തിനായ് വരേണം" എന്ന ഗുരുവചനത്തിൽ ഗുരുവിന്റെ കാഴ്ചപ്പാടുകളുടെ സാരസർവസ്വവുമുണ്ട്. ശ്രീനാരായണ പ്രസ്ഥാനത്തിനു വേണ്ടി ഞാൻ ഓടിത്തുടങ്ങിയിട്ട് വർഷങ്ങൾ കുറേയായി. ഓടുന്നതിനിടയിൽ ഒരുപാട് പ്രതിസന്ധികൾ നേരിട്ടിട്ടുണ്ട്. പക്ഷെ അപ്പോഴൊന്നും തളർന്നു പിൻവാങ്ങാതിരിക്കുന്നത് ഗുരുദർശനം മനസിലുള്ളതു കൊണ്ടാണ്. എപ്പോഴും എന്റെ മനസിലുള്ളത് ആ ഗുരുവചനമാണ്- 'സഹായിച്ചവരെ ഒരിക്കലും മറക്കരുത്; ചതിച്ചവരോട് പ്രതികാരവുമരുത്." സമുദായത്തിന്റെ വളർച്ചയ്ക്കായി ഇത്രയധികം സഞ്ചരിക്കാനും എല്ലാ ശാഖകളിലേക്കും എത്താനും എനിക്കു പ്രചോദനമാകുന്നത് ഗുരുദർശനമാണ്.
' ഒരു ജാതി ഒരു മതം ഒരു ദൈവം മനുഷ്യന് " എന്ന ഗുരുദേവ വചനത്തിന്റെ ധന്യതയിലാണ് അന്നുമിന്നും യോഗം പ്രവർത്തിക്കുന്നത്. ജാതി ഉന്മൂലനം ആത്യന്തിക ലക്ഷ്യമാക്കി പ്രവർത്തിക്കുന്ന മറ്റൊരു സംഘടനയും ഇന്നും കേരളത്തിലില്ല. കേരളത്തിലെ നിലവിലെ സാമൂഹിക പശ്ചാത്തലത്തിൽ യോഗത്തിനും ഗുരു ദർശനത്തിനും പ്രാധാന്യം കൂടി വരികയാണ്. 'നല്ലവരായിരുന്ന് നന്മ ചെയ്യുവിൻ " എന്ന ഗുരുമൊഴിയാണ് മുൻഗാമികളെയും നയിച്ചിട്ടുള്ളത്. അതുതന്നെയാണ് എളിയവനായ ഈ ഞാനും പിന്തുടരുന്നത്. എട്ടു പതിറ്റാണ്ടു കാലത്തെ ജീവിതപരിചയം വച്ച് നെഞ്ചുറപ്പോടെ പറയാൻ കഴിയും; എന്റെ കർമ്മമണ്ഡലത്തിലെ എല്ലാ നേട്ടങ്ങൾക്കും യശസിനും ഞാൻ പൂർണമായി കടപ്പെട്ടിരിക്കുന്നത് കറകളഞ്ഞ ഗുരുഭക്തിയോടാണ്.
ജാതിയുടെയും മതത്തിന്റെയും തൊട്ടുകൂടായ്മയെ മറികടക്കാൻ അറിവ് ആയുധമാക്കാൻ ഉപദേശിച്ച ഗുരുവിന്റെ സമകാലിക പ്രസക്തി തിരിച്ചറിയാതെ പോകരുത്. ഗുരുജയന്തിക്കും സമാധിക്കും മാത്രമല്ല, ജീവിച്ചിരിക്കുന്ന ഓരോ നിമിഷവും പരമകാരുണികനായ ഗുരുവിനെ ഹൃദയത്തിൽ പ്രതിഷ്ഠിച്ചുകൊണ്ട് നമുക്ക് ജീവിതത്തിൽ മുന്നോട്ടുപോകാം. ഗുരുസന്ദേശങ്ങളുടെ ധന്യതയിലേക്ക് ലോകത്തെ മുഴുവൻ മനുഷ്യരെയും നയിക്കുക എന്നതായിരിക്കണം നമ്മുടെ ലക്ഷ്യം. ഗുരു സ്മൃതികളെ തൊഴുകൈകളോടെ നമുക്ക് സ്മരിക്കാം.