ആലപ്പുഴ: പക്ഷിപ്പനി വ്യാപനം തടയാൻ കള്ളിംഗിന് വിധേയമാക്കിയ താറാവുകൾക്കുള്ള നഷ്ടപരിഹാരം ഓണക്കാലത്തും ലഭിക്കാത്തത് കർഷകരെ ദുരിതത്തിലാക്കുന്നു. ഏപ്രിൽ മുതൽ ജൂലായ് വരെ
വിവിധ ഘട്ടങ്ങളിലായി കോഴിയും താറാവും ഉൾപ്പടെ ജില്ലയിൽ 1,46,976ൽ അധികം പക്ഷികളെയാണ് കൊന്നൊടുക്കിയത്. ഇതിന്റെ നഷ്ടപരിഹാരമായി 250ൽ അധികം കർഷകർക്ക്
അരക്കോടിയോളം രൂപയാണ് കിട്ടാനുള്ളത്. നഷ്ടപരിഹാരവിതരണ നടപടികൾ ഇനിയും ആരംഭിച്ചിട്ടില്ലെന്നാണ് അറിയുന്നത്. വിതരണം സംബന്ധിച്ച് വ്യക്തമായ ഒരു അറിയിപ്പും മൃഗസംരക്ഷണ വകുപ്പിൽ നിന്ന് കർഷകർക്ക് ലഭിച്ചിട്ടുമില്ല. മൃഗസംരക്ഷണവകുപ്പ് കള്ളിംഗ് നടത്തിയ കോഴി, താറാവുകളുടെ നഷ്ടപരിഹാരത്തുകയെ സംബന്ധിച്ച അവ്യക്തത തുടരുന്നതാണ് നടപടികൾ വൈകാൻ കാരണം. ഈ സീസണിൽ മാത്രം 72,576 താറാവുകളും 61,549 കോഴികളെയുമാണ് കൊന്നൊടുക്കിയത്.
ഫണ്ടില്ല,അവ്യക്ത തുടരുന്നു
1.നഷ്ടപരിഹാരത്തിന്റെ 60 ശതമാനം സംസ്ഥാനവും 40 ശതമാനം കേന്ദ്രവുമാണ് വഹിക്കേണ്ടത്.
ജില്ലയിൽ ചേർത്തല, അമ്പലപ്പുഴ, കുട്ടനാട്, കാർത്തികപ്പള്ളി, മാവേലിക്കര താലൂക്കുകളിൽ
ധനവകുപ്പ് ഫണ്ട് അനുവദിച്ചിട്ടില്ല. മൃഗസംരക്ഷണ വകുപ്പിന് വ്യക്തമായ നിർദ്ദേശം നൽകാൻ കഴിയാത്തതാണ് കാരണം
2. കള്ളിംഗിന് വിധേയമാകുന്ന എല്ലാ വിഭാഗം പക്ഷികൾക്കും നഷ്ടപരിഹാരം നൽകാൻ 2014ൽ തീരുമാനിച്ചിരുന്നു. 2016വരെ അത് പാലിക്കുകയും ചെയ്തു. എന്നാൽ, കോഴി, താറാവ്, മുട്ട എന്നിവയ്ക്ക് മാത്രമാണ് നിലവിൽ നഷ്ടപരിഹാരം നൽകുന്നത്
3. സർക്കാരിന്റെ സാമ്പത്തിക പ്രതിസന്ധി കാരണം കോഴി, താറാവ് എന്നിവയിലേക്ക്
നഷ്ടപരിഹാരം ചുരുക്കിയതിലൂടെ കാട, ടർക്കി, ഗിനി, വാത്ത, പ്രാവ് തുടങ്ങിയവയ്ക്ക് ലഭിക്കാത്തത് കർഷകരെ സാമ്പത്തിക പ്രതിസന്ധിയിലാക്കി
4. നഷ്ടപരിഹാരത്തിലെ ഈ വിവേചനം അവസാനിപ്പിക്കണമെന്നതാണ് കർഷകരുടെ ആവശ്യം. പലിശയ്ക്കും സ്വകാര്യ ബാങ്കുകളിൽ നിന്ന് വായ്പയെടുക്കുകയും ചെയ്ത കർഷകർക്ക് അടിക്കടിയുണ്ടുകുന്ന പക്ഷിപ്പനിയും കള്ളിംഗും വലിയ നഷ്ടമാണ് വരുത്തുന്നത്
പക്ഷിപ്പനിയുടെ പേരിൽ കൊന്ന് കത്തിച്ച മുഴുവൻ പക്ഷികൾക്കും നഷ്ടപരിഹാരം ഓണത്തിന് മുമ്പ് നൽകണം. കർഷകരും തൊഴിലാളികളും ദുരിതത്തിലാണ്.
- സന്തോഷ്, താറാവുകർഷകൻ
കള്ളിംഗ്
പക്ഷികൾ ആകെ: 1,46,976
താറാവ്: 72,576
കോഴി: 61,549
മറ്റുള്ളവ: 12851
നഷ്ടപരിഹാരം: ₹ 50ലക്ഷം
കർഷകർ: 250