ആലപ്പുഴ: സർക്കാരിന്റെ വിവിധ ക്ഷേമ പദ്ധതികളുടെ ഭാഗമായി പ്രവർത്തിക്കുന്ന രാജ്യത്തെ ലക്ഷക്കണക്കിന് സ്ത്രീകളെ കൃത്യമായ വേതന വ്യവസ്ഥയിലേക്ക് കൊണ്ടുവന്ന് തൊഴിലെടുക്കുന്ന സ്ത്രീകളായി കണക്കാക്കാൻ കേന്ദ്ര സർക്കാർ തയ്യാറാകണമെന്ന്, കേരള വനിത കമ്മീഷൻ അദ്ധ്യക്ഷ അഡ്വ.പി.സതീദേവി പറഞ്ഞു. ആശാ പ്രവർത്തകരും അങ്കണവാടി പ്രവർത്തകരും ഉൾപ്പെടുന്ന വലിയ വിഭാഗത്തിന്റെ പ്രവർത്തനം ജോലിയായി പരിഗണിക്കാതെ ഓണറേറിയം, ഇൻസെന്റീവ്, പാരിതോഷികം എന്നൊക്കെ പറഞ്ഞുകൊണ്ട് നാമമാത്രമായ സംഖ്യ നൽകി ആശ്വസിപ്പിക്കുന്ന സ്ഥിതിയാണ് നിലനിൽക്കുന്നതെന്നും അദ്ധ്യക്ഷ പറഞ്ഞു. ആശാപ്രവർത്തകർക്കായി വനിതാ കമ്മിഷൻ സംഘടിപ്പിച്ച പബ്ലിക് ഹിയറിംഗ് ആലപ്പുഴ ജെൻഡർ പാർക്കിൽ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അവർ.കേരളത്തിലെ ആശാവർക്കർമാരെ കാണുന്നതിനും കേൾക്കുന്നതിനുമായി വനിതാ കമ്മീഷൻ നടത്തുന്ന ആദ്യ പബ്ലിക് ഹിയറിംഗാണ് ആലപ്പുഴയിൽ നടന്നത്. ചടങ്ങിൽ വനിത കമ്മീഷൻ അംഗം അഡ്വ. ഇന്ദിര രവീന്ദ്രൻ അദ്ധ്യക്ഷയായി. ജില്ല പഞ്ചായത്ത് പ്രസിഡന്റ് കെ.ജി. രാജേശ്വരി മുഖ്യാതിഥിയായി. വനിത കമ്മിഷനംഗങ്ങളായ വി.ആർ.മഹിളാമണി, നഗരസഭ സ്റ്റാൻഡിംഗ് കമ്മിറ്റി അദ്ധ്യക്ഷ എ.എസ്.കവിത, എൻ.എച്ച്.എം പ്രോഗ്രാം ഓഫീസർ ഡോ.കോശി പണിക്കർ തുടങ്ങിയവർ സംസാരിച്ചു. തുടർന്ന് വനിതാ കമ്മിഷൻ റിസർച്ച് ഓഫീസർ എ.ആർ.അർച്ചനയുടെ നേതൃത്വത്തിൽ ചർച്ച നടന്നു.