# പോസ്റ്റുമോർട്ടം ഇന്ന്

ആലപ്പുഴ : തിരയിൽ പെട്ട് ചത്ത കടലാമ ആലപ്പുഴ ബീച്ചിൽ അടിഞ്ഞു. വൈകിട്ട് അഞ്ച് മണിയോടെ ബീച്ചിൽ പൈതൃകപദ്ധതിയിൽ ഉൾപ്പെടുത്തി സ്ഥാപിച്ച കപ്പലിന് സമീപമാണ് ഒരു മീറ്റർ നീളം വരുന്ന കടലാമ അടിഞ്ഞത്. എസ്.ഐ രാജേഷിന്റെ നേതൃത്വത്തിലുള്ള സംഘമെത്തി ആമയെ ചാക്കിലാക്കി സൂക്ഷിച്ചിരിക്കുകയാണ്. റാന്നിയിൽ നിന്നുള്ള വനം വകുപ്പ് ഉദ്യോഗസ്ഥർ ഇന്ന് എത്തി ഇൻക്വസ്റ്റ് തയ്യാറാക്കും. തുടർന്ന് മൃഗസംരക്ഷണ വകുപ്പിലെ ഡോക്ടർ പോസ്റ്റുമോർട്ടം നടത്തും. വലയിൽ കുരുങ്ങിയാണോ, പ്ളാസ്റ്റിക് കഴിച്ചാണോ ചത്തതെന്ന് അറിയാൻ വേണ്ടിയാണ് പോസ്റ്റുമോർട്ടം. ആരെങ്കിലും കൊന്നതാണോ എന്നും കണ്ടെത്താനാകും. പോസ്റ്റുമോർട്ടത്തിന് ശേഷം നഗരസഭയുടെ അനുമതിയോടെ ബീച്ചിൽ സംസ്കരിക്കുമെന്ന് പൊലീസ് അറിയിച്ചു.