മുഹമ്മ: വലിയ കലവൂർ ശ്രീകൃഷ്ണ സ്വാമി ക്ഷേത്രത്തിലെ അടിസ്ഥാന സൗകര്യ വികസനത്തിന് മുൻഗണന നൽകുമെന്ന് തിരുവിതാംകൂർ ദേവസ്വം ബോർഡംഗം അഡ്വ.എ.അജികുമാർ പറഞ്ഞു. അഷ്ടമി രോഹിണി ഉത്സവത്തോടനുബന്ധിച്ച് നടക്കുന്ന സപ്താഹ യജ്ഞത്തിന്റെ ഭദ്രദീപ പ്രകാശനം നിർവ്വഹിക്കുകയായിരുന്നു അദ്ദേഹം. ആനക്കൊട്ടിൽ, സബ് ഗ്രൂപ്പ് ഓഫീസറുടെ കാര്യാലയം എന്നിവയുടെ നിർമ്മാണത്തിന് ടെണ്ടർ നടപടികളാരംഭിച്ചു. ദേവസ്വം ബോർഡിന്റെ സാമ്പത്തിക പരാധീനത കാരണം മറ്റ് പല ക്ഷേത്രങ്ങളിലും വേണ്ടത്ര ശ്രദ്ധ കൊടുക്കാൻ കഴിഞ്ഞിട്ടില്ലെന്നും ഉപദേശക സമിതികളുടെ സഹായത്തോടെ സ്പോൺസർമാരെ കണ്ടെത്തുന്നത് ഉചിതമാകുമെന്നും അദ്ദേഹം പറഞ്ഞു. ഉപദേശക സമിതിപ്രസിഡന്റ് എ.കെ.രംഗരാജൻ, സെക്രട്ടറി സി.എസ്.രമേശൻ എന്നിവർ പങ്കെടുത്തു.