ആലപ്പുഴ: 'എതിരാളിക്കൊരു പോരാളി, ശക്തനിൽ ശക്തൻ' എന്ന ടാഗ് ലൈനുമായി ഒരുകാലത്ത് കുട്ടികളുടെ ഇഷ്ടകഥാപാത്രമായിരുന്ന ഡിങ്കന് രൂപം നൽകിയ ആലപ്പുഴ മുഹമ്മ സൗപർണികയിൽ ആർട്ടിസ്റ്റ് ടി.ബേബി (67) ഇപ്പോഴും ചിത്രരചനാരംഗത്ത് സജീവമാണ്.

തന്റെ കൈവിരലുകളിൽ പിറന്ന ഡിങ്കൻ പിന്നീട് ദൈവമായും മതമായും മാറുമെന്ന് അദ്ദേഹം സ്വപ്നത്തിൽപോലും കരുതിയില്ല. നെഞ്ചിൽ ചുവന്ന നക്ഷത്രമുള്ള മഞ്ഞ കുപ്പായമണിഞ്ഞ ചുണ്ടെലി. കഴുത്തിൽ ചുവപ്പ് ഷാൾ. ചുവപ്പ് ഷൂസ്. സൂപ്പർമാനെപ്പോലെ കുപ്പായത്തിന് പുറത്ത് ചുവപ്പ് ട്രൗസർ. ഇതായിരുന്നു ഡിങ്കന്റെ വേഷം. മാദ്ധ്യമപ്രവർത്തകനായ എൻ.സോമശേഖരന്റെ

രചനയിലാണ് ഡിങ്കൻ പിറന്നത്. കഥാപാത്രം മനസിൽ കയറിയതോടെ മസിൽ വീർപ്പിച്ച് അമാനുഷിക ശക്തിമാനായി നിൽക്കുന്ന ചുണ്ടെലിക്ക് ബേബി രൂപം നൽകുകയായിരുന്നു. ഇതോടെ,​ കുട്ടനാട്ടുകാരനായ ടോംസിന്റെ ബോബനും മോളിക്കും പിന്നാലെ ആലപ്പുഴയിൽ നിന്ന് ഡിങ്കനും ജന്മമെടുത്തു. 1981മുതൽ തുടർച്ചയായ മുപ്പത്തിയൊന്ന് വർഷം ബാലമാസികയിലൂടെ കുട്ടികളുടെ ഹീറോയായി ഡിങ്കൻ തുടർന്നു. പിന്നീട് മാസികയുടെ പ്രസിദ്ധീകരണം നിന്നുപോയെങ്കിലും ഡിങ്കന്റെ വീരകൃത്യങ്ങൾ ചർച്ചയായി തുടരുന്നു.

ഹീറോ ടു ഗോഡ്

കുട്ടികളുടെ ഹീറോയായ ഡിങ്കൻ ദൈവമായി മാറിയത് പെട്ടന്നായിരുന്നു. 2008ലാണ് കേരളത്തിൽ ഒരുകൂട്ടം യുക്തിവാദികൾ ചേർന്ന് ഡിങ്ക മതം എന്ന ആശയം പ്രചരിപ്പിച്ചത്. ദിലീപ് നായകനായ പ്രൊഫസർ ഡിങ്കൻ എന്ന സിനിമയുടെ പ്രഖ്യാപനം വന്നതിന് പിന്നാലെ

ഡിങ്കമതം വ്രണപ്പെട്ടു എന്നാരോപിച്ച് ചിലർ രംഗത്ത് വന്നിരുന്നു. തുടർന്ന് ഡിങ്കമത സമ്മേളനത്തിനും കേരളം സാക്ഷ്യം വഹിച്ചു. സോമശേഖരന്റെ വരികളിലും തന്റെ വരയിലും പിറന്ന ഡിങ്കൻ ദൈവമായി മാറിയത് തമാശയായി മാത്രമേ ആർട്ടിസ്റ്റ് ബേബി കരുതിയിട്ടുള്ളൂ.

വരതുടരുന്നു

ക്രാഫ്റ്റ് അദ്ധ്യാപകനായിരുന്നു ബേബിയുടെ പിതാവ് എ.ടി.ജോൺ,​ അമ്മ തങ്കമ്മ,​ സഹോദരി ഷൈല എന്നിവരുടെയെല്ലാം പ്രോത്സാഹനമാണ് ബേബിയെ ആർട്ടിസ്റ്റാക്കിയത്. മുഹമ്മ സ്വദേശി കെ.കെ.വാര്യരാണ് ചിത്രകലയിലെ ഗുരു.നാഗവള്ളി ആർ.എസ്.കുറുപ്പിന്റെ മാമാങ്കം മാസികയിലായിരുന്നു ബേബിയുടെ ആർട്ടിസ്റ്റായുള്ള രംഗപ്രവേശം. പിന്നീട് പത്തനംതിട്ട കുമ്പളാംപൊയ്ക എൽ.പി സ്കൂളിൽ ചിത്രരചനാ അദ്ധ്യാപകനായി. തുടർന്ന് വീണ്ടും പോക്കറ്റ് കാർ‌ട്ടൂണുകളും മുഴുനീള സീരിസുകളുമായി പ്രസിദ്ധീകരണങ്ങളുടെ ഭാഗമായി. ചിൽഡ്രൻസ് മാഗസിൻ അടക്കമുള്ള വിവിധ പ്രസിദ്ധീകരണങ്ങൾക്കായി ഇപ്പോഴും കഥയും കഥാപാത്രങ്ങളും അദ്ദേഹം രചിക്കുന്നുണ്ട്. ഗുരുധർമ്മ പ്രചരണസഭ മണ്ഡലം കമ്മിറ്റിയംഗമാണ്. റിട്ട അദ്ധ്യാപിക എസ്.ജയലക്ഷ്മിയാണ് ഭാര്യ. മക്കൾ: ജയകൃഷ്ണൻ, ഹരികൃഷ്ണൻ. മരുമകൾ: അരുണിമ.