photo

ആലപ്പുഴ : ആലപ്പുഴ ബീച്ചിൽ അടിഞ്ഞ കടലാമയുടെ ജഡം പോസ്റ്റുമോർട്ടത്തിന് ശേഷം മറവുചെയ്തു. ഇന്നലെ രാവിലെ റാന്നിയിൽ നിന്നെത്തിയ വനംവകുപ്പ് ജീവനക്കാരുടെ മൂന്നംഗ സംഘമാണ് നടപടികൾ പൂർത്തിയാക്കിയത്. കരികളം ഫോറസ്റ്റ് സെക്ഷൻ ഫോറസ്റ്റ് ഓഫീസർ എം.ഷിനിന്റെ നേതൃത്വത്തിൽ ഡി.എഫ്.ഒ അനൂപ്, ബി.എഫ്.ഒ മീരാപ്പണിക്കർ എന്നവർ ഇൻക്വസ്റ്റ് തയ്യാറാക്കി. അമ്പലപ്പുഴ വടക്ക് പഞ്ചായത്ത് മൃഗാശുപത്രിയിലെ വെറ്ററിനറി സർജൻ ഡോ.എസ്.ബിജു പോസ്റ്റുമോർട്ടം നടത്തി. അഞ്ച് ദിവസം പഴക്കമുള്ളതായിരുന്നതിനാൽ ജ‌ഡം അഴുകിയ നിലയിലായിരുന്നു. വലയിൽ കുരുങ്ങിയതിന്റെയോ,​ പ്‌ളാസ്റ്റിക് കഴിച്ചതിന്റെയോ,​ ക്ഷതമേറ്റ ലക്ഷണങ്ങളോ കണ്ടെത്താനായില്ല. സ്വാഭാവികമായ മരണമാണെന്ന് പ്രാഥമിക നിഗമനം. എന്നാൽ,​ ആമയുടെ ആന്തരിക അവയവങ്ങൾ രാസപരിശോധനക്ക് അയച്ചിട്ടുണ്ട്.

അപൂർവ ഇനം

നാൽപ്പത്തിയഞ്ച് കിലോയോളം ഭാരമുള്ള,​ ഒലിവ് റെയ്ലി എന്ന അപൂർവ ഇനത്തിൽപ്പെട്ട 25വയസ് പ്രായമുള്ള ഒരു മീറ്റർ നീളം വരുന്ന കടലാമയാണ് ചത്തത്. ഞായറാഴ്ച തീരത്തടിഞ്ഞ ആമയുടെ ജഡം എസ്.ഐ രാജേഷിന്റെ നേതൃത്വത്തിലുള്ള സംഘം ചാക്കിലാക്കി സൂക്ഷിച്ചിരിക്കുകയായിരുന്നു. നഗരസഭയുടെ അനുമതിയോടെ ബീച്ചിലാണ് മറവുചെയ്തത്. അസ്വാഭാവിക മരണത്തിന് കരികളം ഫോറസ്റ്റ് സ്റ്റേഷൻ കേസെടുത്തു. ആലപ്പുഴയിലെ വനം വകുപ്പ് ഉദ്യോഗസ്ഥരായ ബി.മനോജ്കുമാർ, തീരദേശ പൊലീസിലെ സീനിയർ സിവിൽ പൊലീസ് ഓഫീസർ സുനിൽ എന്നിവരും ടൂറിസം പൊലീസും സ്ഥലത്തെത്തിയിരുന്നു.