ആലപ്പുഴ: ജില്ലാക്കോടതി പാലത്തിന്റെ പുനർനിർമ്മാണത്തിന് മുന്നോടിയായി പാലത്തിന്റെ തെക്കേക്കരയിൽ പടിഞ്ഞാറു ഭാഗത്തുള്ള 11 വ്യാപാര സ്ഥാപനങ്ങൾ ഒഴിപ്പിച്ചു. ഇന്നലെ രാവിലെ പൊലീസ് അകമ്പടിയോടെ നഗരസഭ അധികൃതരെത്തിയാണ് ഒഴിപ്പിച്ചത്. മുൻകൂർ നോട്ടീസ് നൽകിയിരുന്നു. ഒഴിപ്പിക്കലിനെതിരെ ഹൈക്കോടതിയിൽ കേസുണ്ടെന്ന് വ്യാപാരികൾ വാദിച്ചെങ്കിലും നഗരസഭാധികൃർ ചെവിക്കൊണ്ടില്ല. തുടർന്ന് വ്യാപാരികൾ ഒഴിപ്പിക്കലുമായി സഹകരിച്ചു.
പച്ചക്കറി കടകൾ, പഴക്കടകൾ, ബേക്കറി, ലേഡീസ് സ്റ്റോർ, തട്ടുകട തുടങ്ങിയ സ്ഥാപനങ്ങളാണ് ഇവിടെ പ്രവർത്തിച്ചിരുന്നത്. കടകൾ ഒഴിയണമെന്നാവശ്യപ്പെട്ട് കേരള റോഡ് ഫണ്ട് ബോർഡ് ആറുമാസം മുമ്പ് വ്യാപാരികൾക്ക് നോട്ടീസ് നൽകിയിരുന്നു. 15 ദിവസം മുമ്പ് നഗരസഭയും തുടർ നോട്ടീസ് നൽകി. ഇതോടെ വ്യാപാരികൾ നടപടികൾ നിർത്തവയ്ക്കുന്നതിനായി ഹൈക്കോടതിയെ സമീപിച്ചിരുന്നുവെങ്കിലും, ഇന്നലെ നഗരസഭാ അധികൃതർ കട ഒഴിപ്പാക്കാനെത്തും മുമ്പ് സ്റ്റേ ഓർഡർ സമ്പാദിക്കാൻ സാധിച്ചിരുന്നില്ല.
ചർച്ച നടത്തിയില്ലെന്ന് ആക്ഷേപം
രണ്ട് പതിറ്റാണ്ടിലേറെയായി പ്രവർത്തിക്കുന്ന കടമുറികൾ ഒഴിപ്പിക്കുന്നതിന് മുന്നോടിയായി ചർച്ച വിളിക്കാൻ നഗരസഭാധികൃതർ തയാറായില്ലെന്ന് വ്യാപാരികൾ ആരോപിച്ചു
നഷ്ടപരിഹാരം സംബന്ധിച്ചോ, പുനരധിവാസം സംബന്ധിച്ചോ യാതൊരു അറിയിപ്പും നൽകിയിട്ടില്ലെന്നാണ് ആക്ഷേപം. പടിഞ്ഞാറ് ഭാഗത്തെ കടകളുടെ ഉത്തരവാദിത്തം ഏറ്റെടുക്കാനാവില്ലെന്ന നിലപാടിലാണ് നഗരസഭാ അധികൃതർ
വർഷങ്ങൾക്ക് മുമ്പുണ്ടായിരുന്ന കനാൽ മാനേജ്മെന്റ് സൊസൈറ്റിയുമായുള്ള ധാരണ പ്രകാരമാണ് പടിഞ്ഞാറ് ഭാഗത്തെ കനാൽക്കരകളിൽ കടകൾ ആരംഭിച്ചത്
പുറമ്പോക്ക് ഭൂമിയിലാണ് ഈ കെട്ടിടങ്ങൾ നിൽക്കുന്നത്. കനാൽ മാനേജ്മെന്റ് കമ്മിറ്റി പിരിച്ചുവിട്ടതോടെ പ്രദേശം നഗരസഭയിലേക്ക് ലയിച്ചു. നിലവിൽ വ്യാപാരികൾ നഗരസഭയിലാണ് വാടക അടയ്ക്കുന്നത്
പകരം നൽകാൻ സ്റ്റേഡിയത്തിലെ മുറികൾ
വാടക്കനാലിന്റെ കിഴക്കേക്കരയിൽ നഗരസഭയുടെ കടമുറികളിൽ പ്രവർത്തിക്കുന്ന വ്യാപാര സ്ഥാനപങ്ങളുമായി എം.എൽ.എയും നഗരസഭാ അധികൃതരും നടത്തിയ ചർച്ചയിൽ ഇ.എം.എസ് സ്റ്റേഡിയത്തിലെ കടമുറികൾ വ്യാപാരത്തിന് നൽകാമെന്ന ആശയമാണ് മുന്നോട്ട് വച്ചത്. ഇതിൽ വ്യാപാരികൾ അനുകൂല തീരുമാനം അറിയിച്ചിട്ടില്ല. കിഴക്ക് ഭാഗത്തെ വ്യാപാരികളുമായുള്ള കേസ് ഹൈക്കോടതി നാളെ പരിഗണിക്കും.
നഷ്ടപരിഹാരമോ, പുനരധിവാസമോ സംബന്ധിച്ച് നഗരസഭ യാതൊരു ചർച്ചയ്ക്കും വിളിച്ചിട്ടില്ല. വ്യാപാരികളുടെയും ജീവനക്കാരുടെയും ജീവിതമാർഗ്ഗമാണ് ഇല്ലാതായത്
-വ്യാപാരികൾ
സ്ഥലപരിമിതി നേരിടുന്ന നഗരസഭയാണ് ആലപ്പുഴ. ഇ.എം.എസ് സ്റ്റേഡിയത്തിലെ കടമുറികൾ മാത്രമാണ് നഗരസഭയ്ക്ക് പകരം സംവിധാനമൊരുക്കാനുള്ളത്
-കെ.കെ.ജയമ്മ, നഗരസഭാദ്ധ്യക്ഷ
പടിഞ്ഞാറ് ഭാഗത്തെ കടകളുടെ പുനരധിവാസം സംബന്ധിച്ച് ചർച്ച ചെയ്തിട്ടില്ല. നഗരസഭയുടെ സ്ഥലമല്ലാത്തതിനാൽ നഷ്ടപരിഹാരം നൽകാനാവില്ല
- എം.ആർ.പ്രേം, നഗരസഭ പൊതുമരാമത്ത് സ്റ്റാൻഡിംഗ് കമ്മിറ്റി അദ്ധ്യക്ഷൻ