ആലപ്പുഴ: നവജാത ശിശുവിനെ കുഴിച്ചിട്ട സംഭവത്തിൽ ഒന്നാം പ്രതിയും കുട്ടിയുടെ മാതാവുമായ പൂച്ചാക്കൽ ഉളവയ്പ്പ് ആനമുട്ടിച്ചിറയിൽ സോനയെ (22) ചേർത്തല ജുഡീഷ്യൽ ഫസ്റ്റ് ക്ളാസ് മജിസ്ട്രേറ്റ് കോടതി രണ്ട് ദിവസത്തെ പൊലീസ് കസ്റ്റഡിയിൽ വിട്ടു.

കൊട്ടാരക്കര സ്പെഷ്യൽ സബ് ജയിലിൽ നിന്ന് രാവിലെ ചേർ‌ത്തല കോടതിയിലെത്തിച്ച സോനയെ കസ്റ്റഡിയിൽ വാങ്ങിയ പൊലീസ് സംഘം ചേർത്തല ഗവ. ആശുപത്രിയിലെത്തിച്ച് വൈദ്യപരിശോധന നടത്തിയശേഷം പൂച്ചാക്കൽ സ്റ്റേഷനിലേക്ക് കൊണ്ടുപോയി. സംഭവവുമായി ബന്ധപ്പെട്ട് സോനയുടെ വിശദമായ മൊഴി രേഖപ്പെടുത്തിയ അന്വേഷണ സംഘം ഉച്ചയ്ക്ക് ശേഷം, കഴിഞ്ഞ ഏതാനും ദിവസങ്ങളായി കസ്റ്രഡിയിലുള്ള കേസിലെ രണ്ടാം പ്രതിയും സോനയുടെ കാമുകനുമായ തോമസ്, തോമസിന്റെ സുഹൃത്തും മൂന്നാംപ്രതിയുമായ അശോക് എന്നിവർക്കൊപ്പം ചോദ്യം ചെയ്തു. ചേർത്തല ഡിവൈ.എസ്.പി ബെന്നിയുടെ മേൽനോട്ടത്തിൽ സി.ഐയും സംഘവുമാണ് സോനയെ വിശദമായി ചോദ്യം ചെയ്തത്. ചോദ്യം ചെയ്യലും മൊഴിയെടുപ്പും പൂർത്തിയാകുന്ന മുറയ്ക്ക് സോനയെ പൂച്ചാക്കലിലെ വീട്ടിലെത്തിച്ച് തെളിവെടുക്കും. ചാപിള്ളയും രക്തംപുരണ്ട തുണികളും കുഴിച്ചിട്ട സ്ഥലം സോനയുടെ സാന്നിദ്ധ്യത്തിൽ കണ്ടെത്തേണ്ടതുണ്ട്.

തോമസും സോനയും പ്രസവത്തിന് മുമ്പ് ഒരു സ്വകാര്യ ആശുപത്രിയിൽ ചികിത്സ തേടിയിട്ടുണ്ടെന്ന കാര്യത്തിലും സ്ഥിരീകരണമുണ്ടാകേണ്ടതുണ്ട്. സോനയെ ചികിത്സിച്ച ഡോക്ടർമാരുടെ മൊഴികളും ചികിത്സാരേഖകളും കേസിന്റെ ഭാഗമായി അന്വേഷണ സംഘം ശേഖരിച്ചുവരികയാണ്. കുഞ്ഞിന്റെ രാസപരിശോധനാഫലത്തിൽ മരണ കാരണം വ്യക്തമാകുമെന്നിരിക്കെ ആവശ്യമെങ്കിൽ കൂടുിതൽ വകുപ്പുകൾ ചുമത്താനാണ് അന്വേഷണ സംഘത്തിന്റെ നീക്കം. കേസിൽ പ്രോസിക്യൂഷന് വേണ്ടി അഡ്വ. ലിജോ കോടതിയിൽ ഹാജരായി. 21ന് വൈകിട്ട് സോനയെ തെളിവെടുപ്പ് പൂർത്തിയാക്കി കോടതിയിൽ തിരിച്ചെത്തിക്കും.