മുഹമ്മ: ഒരു കലാകാരനെ മറ്റൊരുകലാകാരൻ സൃഷ്ടികൊണ്ട് ആദരിച്ച ധന്യ നിമിഷങ്ങൾക്ക് ഇന്നലെ നാട് സാക്ഷിയായി. അര നൂറ്റാണ്ട് പിന്നിടുന്ന നാടക കലാകാരൻ അഭയൻ കലവൂരിനാണ് ആദരം ലഭിച്ചത്. അദ്ദേഹത്തിന് ആദരം അർപ്പിച്ചുകൊണ്ടുള്ള ഗാനം കലവൂർ വിശ്വൻ പാടിക്കൊണ്ടിരിക്കെ, കലവൂർ അഖിൽ ശ്രീകുമാർ തലതിരിഞ്ഞ ഫ്രെയിമിൽ പശകൊണ്ട് ചിത്രം വയ്ക്കുകയായിരുന്നു. വിശ്വൻ പാടിത്തീർന്നതും മണൽ ചൊരിഞ്ഞ ഫ്രെയിമിൽ അഭയൻ കലവൂരിന്റെ ചിത്രം തെളിഞ്ഞുവന്നു. ഒപ്പം കാണികളുടെ കൈയടിയും ഉയർന്നതോടെ ചടങ്ങ് അവിസ്‌മരണീയ നിമിഷങ്ങളിലേക്ക് കടന്നു. തുടർന്ന് അഖിൽ ശ്രീകുമാർ മണൽചിത്രം
അഭയൻ കലവൂരിന് സമ്മാനിച്ചു. അഭയാദരത്തിന്റെ ഒളിമങ്ങാത്ത ഓർമ്മയായി ഇനി ഇത്
അഭയൻ കലവൂരിന്റെ വീട്ടിലെ ഷോക്കേസിൽ എന്നുമുണ്ടാകും. മന്ത്രി സജി ചെറിയാൻ ഉദ്ഘാടനംചെയ്ത അനുമോദനസമ്മേളനത്തിൽ വച്ച് അഭയൻ കലവൂരിന് കാട്ടൂർ ഗ്രാമത്തിന്റെ ആദരം നൽകി.
പഞ്ചായത്ത് പ്രസിഡന്റ് പി.പി.സംഗീത അദ്ധ്യക്ഷയായി. പി.പി.ചിത്തരഞ്ജൻ എം.എൽ.എ, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ.ജി.രാജേശ്വരി,ടി.ജെ.ആഞ്ചലോസ്, നടൻ പ്രമോദ് വെളിയനാട്,കെ. എൽ.ഡി.സി ചെയർമാൻ പി.വി.സത്യനേശൻ, ആലപ്പി ഋഷികേശ്, എൻ.എസ്.ജോർജ്ജ് എന്നിവർ സംസാരിച്ചു. സംഘാടക സമിതി ജനറൽ കൺവീനർ കെ.സി.സുരേഷ് ബാബു സ്വാഗതവും എ.പി.റോയി നന്ദിയും പറഞ്ഞു.