ഹരിപ്പാട്: പുനർ നിർമിച്ച മുതുകുളം പബ്ലിക് മാർക്കറ്റ്-കറുത്തേരി മുക്ക് റോഡ്, അനുവദനീയമായതിൽ കൂടുതൽ ഭാരവുമായി ലോറി കടന്നു പോയതിനെത്തുടർന്ന് തകർന്നു. പബ്ലിക് മാർക്കറ്റിന് വടക്കു ഭാഗത്തെ വളവിലും ഈരയിൽ ദേവീക്ഷേത്രത്തിനു സമീപവുമാണ് റോഡ് പൊട്ടിപ്പൊളിഞ്ഞത്.
വളവു ഭാഗത്ത് റോഡു താഴ്ന്നു പത്തു മീറ്ററിലധികം നീളത്തിൽ പൊട്ടിയിളകിയിട്ടുണ്ട്. 11,12 വാർഡുകളിലെ പടിഞ്ഞാറൻ മേഖലയിലെ പ്രധാന സഞ്ചാരമാർഗമാണ് ഈ റോഡ്. ഏറെനാളായി കുണ്ടും കുഴിയും വെളളക്കെട്ടുമായി കിടന്ന റോഡ് പ്രതിഷേധത്തിനൊടുവിലാണ് പുനർനിർമ്മിച്ചത്.
മീന ഭരണി കെട്ടുകാഴ്ച ക്ഷേത്രത്തിലേക്ക് എത്തേണ്ടതിനാൽ കഴിഞ്ഞ ഏപ്രിലിൽ വേഗത്തിൽ നിർമാണം പൂർത്തീകരിക്കുകയായിരുന്നു. അടുത്തിടെ മുതുകുളം പത്താം വാർഡ് തുരുത്തിയിൽ- മൂലേത്തറിയിൽ റോഡും അമിത ഭാരം കയറ്റിയ ലോറികൾ തുടർച്ചയായി ഓടിയതുമൂലം വലിയ തോതിൽ തകർന്നിരുന്നു. അനുവദനീയമായ അളവിൽക്കൂടുതൽ ഭാരം കയറ്റിയ വാഹനങ്ങൾ ഗ്രാമീണ പാതകൾ വഴി പോകരുതെന്നു ഉത്തരവുളളതാണ്. ഇതു ലംഘിച്ചാണ് വാഹനങ്ങളുടെ സഞ്ചാരം.
അമിത ഭാരവുമായി വരുന്ന വാഹനങ്ങൾ ഗ്രാമീണപാത വഴി സഞ്ചരിക്കാൻ അനുവദിക്കരുത്. ഭാരം കയറ്റിയ വലിയ വാഹനങ്ങളുടെ സഞ്ചാരം നിരോധിച്ചു കൊണ്ടുളള മുന്നറിയിപ്പു ബോർഡുകൾ റോഡിന്റെ കവാടങ്ങളിൽ തദ്ദശ സ്വയംരണ സ്ഥാപനങ്ങൾ സ്ഥാപിക്കണം
- നാട്ടുകാർ