ആലപ്പുഴ : ശ്രീനാരായണ ഗുരുദേവന്റെ 170-ാം ജയന്തി ആഘോഷം ആർഭാടങ്ങളില്ലാതെ

ഭക്തനിർഭരമായ ചടങ്ങുകളോടെ എസ്.എൻ.ഡി.പി യോഗം അമ്പലപ്പുഴ യൂണിയനിൽ ശാഖകളുടെയും വിവിധ ശ്രീനാരായണ പ്രസ്ഥാനങ്ങളുടെയും നേതൃത്വത്തിൽ ഇന്ന് നടക്കും.

ഗുരുമന്ദിരങ്ങളിൽ പ്രത്യേക പൂജകളും പ്രാർത്ഥനയും നടക്കും. ആഘോഷങ്ങൾക്ക് തുടക്കം കുറിച്ച് ചിങ്ങം ഒന്നിന് യൂണിയനിലും ശാഖകളിലും പതാക ദിനം ആചരിച്ചു. വിളംബര ജാഥ, ഘോഷയാത്ര എന്നിവ ഒഴിവാക്കി സമൂഹപ്രാർത്ഥന, സമ്മേളനം, പ്രഭാഷണം തുടങ്ങിയവയാകും നടക്കുക. ശാഖകളുടെയും യൂണിയന്റെയും വകയായി 10ലക്ഷംരൂപ സമാഹരിച്ച് വയനാട് ദുരിതബാധിതർക്കായി യോഗത്തിന്റെ ദുരിതാശ്വാസനിധിയിലേക്ക് കൈമാറും.

#ഐക്യഭാരതം പ്രാർത്ഥനാസമിതി
തെക്കനാര്യാട് ഐക്യഭാരതം ശ്രീനാരായണ പ്രാർത്ഥനാസമിതിയുടെ നവീകരിച്ച ഗുരുമന്ദിരത്തിന്റെ ഉദ്ഘാടനവും ശ്രീനാരായണ ഗുരുദേവ ജയന്തി ആഘോഷവും ഇന്ന് നടക്കും. രാവിലെ 9ന് മന്ത്രി പി.പ്രസാദ് ഗുരുമന്ദിര സമർപ്പണവും പ്രതിഭകളെ ആദരിക്കലും നിർവഹിക്കും. സമിതി പ്രസിഡന്റ് എൻ.ഹരിലാൽ അദ്ധ്യക്ഷത വഹിക്കും. പി.പി.ചിത്തരഞ്ജൻ എം.എൽ.എ മുഖ്യപ്രഭാഷണം നടത്തും. സമിതിയുടെ ആദ്യകാല പ്രവർത്തകരെ അമ്പലപ്പുഴ യൂണിയൻ സെക്രട്ടറി കെ.എൻ.പ്രേമാനന്ദൻ ആദരിക്കും. ഉന്നത വിജയം നേടിയ വിദ്യാർത്ഥികൾക്ക് ആര്യാട് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ.ഡി.മഹീന്ദ്രൻ അവാർഡുകൾ വിതരണം ചെയ്യും.

# ഗുരുധർമ്മ പ്രചാരണ സമിതി

ഗുരുധർമ്മ പ്രചാരണ സമിതി പുളിങ്കുന്ന് പഞ്ചായത്ത് മേഖല കമ്മിറ്റിയുടെ നേതൃത്വത്തിൽ ജയന്തി ആഘോഷം വിവിധ ചടങ്ങുകളോടെ നടക്കും. കണ്ണാടി കിഴക്ക് അമ്പനാപ്പള്ളി ഗുരുജംഗ്ഷനിൽ രാവിലെ 6ന് ഗുരുദേവ മണ്ഡപത്തിൽ ദീപം തെളിക്കും. 8ന് പതാക ഉയർത്തും. 8.15ന് പാരായണം, 9ന് ധർമ്മചര്യായഞ്ജം ജി.ഡി.പി.എസ് കുട്ടനാട് മണ്ഡലം സെക്രട്ടറി എം.ആർ.ഹരിദാസ് ഉദ്ഘാടനം ചെയ്യും. ജോയിന്റ് സെക്രട്ടറി രാജേശ്വരി ജയപ്രകാശ് പ്രഭാഷണം നടത്തും. 10.30ന് നടക്കുന്ന ജയന്തി സമ്മേളനം ജില്ലാ പഞ്ചായത്ത് വിദ്യാഭ്യാസ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർപേഴ്‌സൺ എം.വി.പ്രീയ ഉദ്ഘാടനം ചെയ്യും. പുളിങ്കുന്ന് പഞ്ചായത്ത് മേഖല കമ്മിറ്റി പ്രസിഡന്റ് കെ.സി.ഷാജിമോൺ അദ്ധ്യക്ഷത വഹിക്കും. സഭാ കേന്ദ്രസമിതി അംഗം രവീന്ദ്രൻ കായംകുളം ചതയദിന സന്ദേശം നൽകും.