ആലപ്പുഴ : രണ്ടരമാസം മുമ്പ് കലവൂരിൽ സ്കൂട്ടർ യാത്രക്കാരിയെ ഇടിച്ചുവീഴ്ത്തി മാലപൊട്ടിച്ചെടുത്ത് കടന്നത് സഹോദര പുത്രൻമാരായ കുപ്രസിദ്ധ മോഷ്ടാക്കൾ. കസബ പൊലീസ് സ്റ്റേഷൻ പരിധിയിൽ സമാന കേസിൽ അറസ്റ്റിലായ പ്രതികളെ മണ്ണഞ്ചേരി പൊലീസ് കസ്റ്റഡിയിൽ വാങ്ങിയെങ്കിലും തൊണ്ടിമുതലായ മാലയും കവർച്ചയ്ക്ക് ഉപയോഗിച്ച ബൈക്കും കണ്ടെത്താനായില്ല. സംസ്ഥാനത്തിനകത്തും പുറത്തും നിരവധി കവർച്ചാ കേസുകളിൽ പ്രതികളായ കൊല്ലം വടക്കേവിള തേജസ് നഗറിൽ ഉലവന്റഴികം അമീർഷാ(28) ,മാളവിക വെളിയിൽ ഫാത്തിമ മൻസിലിൽ സെയ്തലി (24) എന്നിവരാണ് പിടിയിലായത്.
ജൂൺ 30ന് കലവൂർ ആനകുത്തിപ്പാലത്തിന് സമീപം വച്ചാണ് മണ്ണഞ്ചേരി റോഡുമുക്ക് കൈതക്കാപ്പറമ്പിൽ ഗിരീഷിന്റെ ഭാര്യ പ്രസീതയുടെ (39) ഏഴ് പവന്റെ താലിമാല പൊട്ടിച്ചെടുത്ത് ഇവർ കടന്നത്. തമിഴ്നാട്ടിലും കേരളത്തിലുമായി അമ്പതോളം കവർച്ചാക്കേസുകളിൽ പ്രതികളായ അമീർഷായും സെയ്തലിയും സഹോദരങ്ങളുടെ മക്കളാണ്.
മാലപൊട്ടിക്കൽ പതിവാക്കുകയും കേരളത്തിനകത്തും പുറത്തും പൊലീസിന്റെ നോട്ടപ്പുള്ളിയാകുകയും ചെയ്തതോടെ കൊല്ലത്ത് നിന്ന് പൂജപ്പുര സെൻട്രൽ ജയിലിന് സമീപം ആഢംബര വീട്ടിലേക്ക് താമസം മാറ്റിയ പ്രതികൾ അവിടെ നിന്നാണ് കന്യാകുമാരി വഴി തമിഴ്നാട്ടിലേക്കും കൊല്ലംവഴി വടക്കൻ ജില്ലകളിലേക്കും കവർച്ചയ്ക്കിറങ്ങുക. കവർച്ച കഴിഞ്ഞാൽ ഗോവയിലാണ് ആഘോഷം.
മോഷ്ടിച്ച ബൈക്കിലെത്തും
പണം തീരുംവരെ ആഘോഷം
കൊല്ലത്തെ ഒരു സുഹൃത്തിന്റെ ബൈക്ക് മോഷ്ടിച്ച് ജൂൺ 28ന് പാലക്കാടെത്തിയ പ്രതികൾ കസബ സ്റ്റേഷൻ പരിധിയിൽ സ്കൂട്ടർ യാത്രക്കാരിയെ പിന്തുടർന്ന് രണ്ട് പവന്റെ മാല പൊട്ടിച്ചു. 29ന് എറണാകുളത്തെത്തി. പനങ്ങാട് പൊലീസ് സ്റ്റേഷൻ പരിധിയിൽ സ്കൂട്ടർ യാത്രക്കാരിയായ മറ്രൊരു സ്ത്രീയെ പിന്തുടർന്ന് മാല കവർന്നശേഷം ഒരുദിവസം എറണാകുളത്ത് ചുറ്റിയടിച്ചു. അടുത്തദിവസം അവിടെ നിന്ന് കൊല്ലത്തേക്കുള്ള മടങ്ങിവരവിനിടെയാണ് കലവൂരിലെ കവർച്ച. സെയ്തലിയായിരുന്നു ബൈക്ക് ഓടിച്ചത്. റോഡിൽ തെറിച്ചുവീണ പ്രസീതയുടെ കഴുത്തിൽ നിന്ന് അമീറാണ് മാല പൊട്ടിച്ചെടുത്തത്. ആലപ്പുഴ ടൗൺ വഴി കടന്ന സംഘം കൊല്ലത്ത് ബൈക്ക് ഉപേക്ഷിച്ചശേഷം അവിടെ നിന്ന് കോഴിക്കോട്ടേക്ക് പോയി. കോഴിക്കോട്ടുള്ള സുഹൃത്ത് മുഖേന മാല വിറ്റെന്നാണ് വെളിപ്പെടുത്തിയത്. ചെലവഴിച്ചതിന്റെ ബാക്കി മൂന്നര ലക്ഷത്തോളം രൂപ പ്രതികളിൽ നിന്ന് കണ്ടെത്തി. കസബയിലെ കവർച്ചയിൽ പാലക്കാട് പൊലീസ് ഇവരെ പിടികൂടിയതോടെയാണ് കലവൂരിലെ കവർച്ചയും തെളിഞ്ഞത്.