prasad

ആലപ്പുഴ : ശ്രീനാരായണ ഗുരുദേവന്റെ ദർശനങ്ങളും സന്ദേശങ്ങളും ലോക നന്മയ്ക്ക് വഴിതെളിച്ചതായി മന്ത്രി പി.പ്രസാദ് പറഞ്ഞു. തെക്കനാര്യാട് ഐക്യഭാരതം ശ്രീനാരായണ പ്രാർത്ഥന സമിതിയുടെ നവീകരിച്ച ഗുരുമന്ദിര സമർപ്പണവും പ്രതിഭകളെ ആദരിക്കലും ശ്രീനാരായണ ഗുരുദേവന്റ170-ാം ജയന്തി ആഘോഷവും ഉദ്ഘാടനവും ചെയ്യുകയായിരുന്നു മന്ത്രി. പ്രതിഭകളെ ആദരിക്കലും അദ്ദേഹം നിർവഹിച്ചു. സമിതി പ്രസിഡന്റ് എൻ.ഹരിലാൽ അദ്ധ്യക്ഷത വഹിച്ചു. പി.പി.ചിത്തരഞ്ജൻ എം.എൽ.എ മുഖ്യപ്രഭാഷണം നടത്തി. എസ്.എൻ.ഡി.പി യോഗം അമ്പലപ്പുഴ യൂണിയൻ സെക്രട്ടറി കെ.എൻ.പ്രേമാനന്ദൻ, സംസ്ഥാന സർക്കാരിന്റെ അവാർഡ് നേടിയ തായ് കയർ മിൽസ് ഉടമ ജയൻ സുശീലൻ, പ്ലസ് ടുപരീക്ഷക്ക് 1200 മാർക്ക് നേടിയ നന്ദന മന്ദാകിനി എന്നിവരെ ഉപഹാരങ്ങൾ നൽകി മന്ത്രി ആദരിച്ചു.

സമിതിയുടെ ആദ്യകാല പ്രവർത്തകരെ അമ്പലപ്പുഴ യൂണിയൻ സെക്രട്ടറി കെ.എൻ.പ്രേമാനന്ദൻ ആദരിച്ചു. വിവിധ പരീക്ഷയിൽ ഉന്നത വിജയം നേടിയ വിദ്യാർത്ഥികൾക്ക് ആര്യാട് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ.ഡി.മഹീന്ദ്രൻ അവാർഡുകൾ വിതരണം ചെയ്തു. ആര്യാട് പഞ്ചായത്ത് പ്രസിഡന്റ് എസ്.സന്തോഷ് ലാൽ, അഡ്വ.ഷീനാസനൽകുമാർ, വി.കെ.പ്രകാശ് ബാബു, അഡ്വ. എം.രവീന്ദ്രദാസ്, സിനിമോൾ സജി, ബി.ബിപിൻരാജ്, ആർ.മംഗളൻ, സി.കെ.സുകുമാരപ്പണിക്കർ എന്നിവർ സംസാരിച്ചു. ചെയർമാൻ കെ.പി.മോഹൻദാസ് സ്വാഗതവും സെക്രട്ടറി എം.എസ്.ബാബു നന്ദിയും പറഞ്ഞു. തുടർന്ന് ദീപക്കാഴ്ചയും ഭക്തിഗാനമേളയും നടന്നു.