ആലപ്പുഴ: മലങ്കരൈറ്റ്സ്. ബാസ്കറ്റ് ബാൾ ടീമാണ്. 20 അംഗ വൈദികരുടെ സംഘം. ടൂർണമെന്റുകൾ ഒന്നൊന്നായി ജയിച്ച് മുന്നേറുകയാണ് ളോഹയ്ക്കുള്ളിലെ കായിക ശക്തി.
തിരുവനന്തപുരം മാർ ഇവാനിയോസ് മലങ്കര സെമിനാരിയിൽ ദൈവശാസ്ത്ര പഠനത്തിനിടെയായിരുന്നു പരിശീലനം. സെമിനാരിയിലെയും ഇവാനിയോസ് കോളേജ് ക്യാമ്പസിലെയും കോർട്ടിൽ പരിശീലിപ്പിച്ച് കായികാദ്ധ്യാപകർ ടീം വാർത്തെടുത്തു. പേരുമിട്ടു.
അച്ചൻ പട്ടം നേടി പല ചുമതലകളുമായി പിരിഞ്ഞെങ്കിലും ടീം നിലനിറുത്തി. വിവിധ ജില്ലകളിലാണെങ്കിലും അവധി ദിനങ്ങളിൽ ഒത്തുകൂടി പരിശീലനം തുടർന്നു. ഇപ്പോഴും തുടരുന്നു. വികാരിമാരും സർക്കാർ ജീവനക്കാരും അദ്ധ്യാപകരുമുണ്ട് സംഘത്തിൽ. കഴിഞ്ഞ വർഷം അച്ചൻ പട്ടം നേടിയയാളാണ് ടീമിലെ ജൂനിയർ.
കഴിഞ്ഞ വർഷം പാറശാലയിൽ നടന്ന തിരുവനന്തപുരം ജില്ലാ ഓപ്പൺ ടൂർണമെന്റിൽ മാർ ഇവാനിയോസ് ട്രോഫി കരസ്ഥമാക്കി. ഈ വർഷം റണ്ണർ അപ്പായി. കഴിഞ്ഞ ദിവസം ആലപ്പുഴ ജില്ലാ ബാസ്ക്കറ്റ് ബാൾ സീനിയർ ലീഗ് ചാമ്പ്യൻഷിപ്പിലും മുന്നേറി. സംസ്ഥാന ചാമ്പ്യൻഷിപ്പാണ് അടുത്ത ലക്ഷ്യം.
മാവേലിക്കരയിലെ സ്വകാര്യ സ്കൂളിൽ ബാസ്ക്കറ്റ് ബാൾ കോച്ചായ ഫാ. ജോബിൻ കാമെച്ചംപറമ്പിലാണ് ടീം കോ- ഓർഡിനേറ്റർ. ഫാ.ജിൻസ് മെപ്പുറത്താണ് ക്യാപ്ടൻ. ടീമിലെ മറ്റംഗങ്ങൾ: ഫാ.ബിനോയ് മാത്യു പുതുപ്പറമ്പിൽ, ഫാ.ജിജോ മങ്ങാട്ടേത്, ഫാ.ബിബൻ കുറക്കോട്ട്, ഫാ.ജോഷ്വാ, ഫാ. ചാലിൽ ജേക്കബ്, ഫാ.ജോബിൻ കാമെച്ചംപറമ്പിൽ, ഫാ.ഷെറിൻ തെക്കേടത്ത്, ഫാ.ഷൈജു നിരപ്പുവിള, ഫാ.റെജിൻ പുതുക്കാട്ടിൽ, ഫാ.നിഖിൽ തോമസ്, ഫാ.പ്രിൻസ് അലക്സ്, ഫാ.വർഗീസ് പുന്നവിള, ഫാ.ഷാനു ചേനാട്ട്, ഫാ.നിതേഷ് സക്കറിയ, ഫാ.ജിയോമോൻ, ഫാ.അജിൽ മലയിൽ, ഫാ.മാത്യു വെട്ടിയിൽ.
ബാസ്ക്കറ്റ് ബാൾ രംഗത്ത് അറിയപ്പെടുന്ന ടീമായി മാറണം. അതിനാവുമെന്ന ആത്മവിശ്വാസമുണ്ട്. പരിശീലനം കൂടുതൽ മെച്ചപ്പെടുത്തും
- ഫാ.ജോബിൻ കാമെച്ചംപറമ്പിൽ,
ടീം കോ-ഓർഡിനേറ്റർ