ആലപ്പുഴ: ജില്ലാക്കോടതി പാലം പുനർനിർമ്മാണത്തിന്റെ ഭാഗമായി വാടക്കനാലിന്റെ കരയിൽ നിന്ന് ഒഴിപ്പിക്കപ്പെട്ട പതിനൊന്ന് വ്യാപാരികളെ ചർച്ചയ്ക്ക് വിളിച്ച് നഗരസഭ. ഇന്ന് വൈകിട്ട് 4.30ന് നഗരസഭാ സെക്രട്ടറിയുടെ ഓഫീസിലാണ് ചർച്ചയെന്ന് വ്യാപാരികൾ പറഞ്ഞു. തിങ്കളാഴ്ച രാവിലെ 11 മണിയോടെയാണ് നഗരസഭാ ഉദ്യോഗസ്ഥരുടെ നേതൃത്വത്തിൽ പൊലീസ് സാന്നിദ്ധ്യത്തിൽ കടകൾ ഒഴിപ്പിച്ചത്. ഇതേസമയം, ഇതുസംബന്ധിച്ച കേസ് ഹൈക്കോടതി പരിഗണിക്കുന്ന വിവരം അറിയിച്ചിട്ടും അധികൃതർ സമയം അനുവദിച്ചില്ലെന്നാണ് വ്യാപാരികളുടെ പരാതി.
വെള്ളിയാഴ്ച വരെ കടമുറികൾ ഒഴിയേണ്ടെന്ന് വ്യാപാരികൾക്ക് സ്റ്റേ ഓർഡർ ലഭിച്ചെങ്കിലും അപ്പോഴേക്കും സാധനങ്ങളെല്ലാം നീക്കം ചെയ്തുകഴിഞ്ഞിരുന്നു. വെള്ളിയാഴ്ച വരെ കട തുറന്നുപ്രവർത്തിക്കാൻ അനുമതി നൽകണമെന്നതാണ് വ്യാപാരികളുടെ ആവശ്യം. അതേസമയം, കോടതി പാലത്തിന് കിഴക്കേ കരയിലെ വ്യാപാരികൾ ഫയൽ ചെയ്ത കേസ് ഹൈക്കോടതി ഇന്ന് പരിഗണിക്കും.
കോടതി അലക്ഷ്യത്തിന് കേസ് നൽകും
1.ഹൈക്കോടതിയിൽ നിന്ന് സ്റ്റേ ലഭിച്ചെന്ന വിവരം ധരിപ്പിച്ചിട്ടും നഗരസഭാ ഉദ്യോഗസ്ഥരോ, പൊലീസോ ഗൗനിക്കാത്തതിൽ കോടതി അലക്ഷ്യത്തിന് കേസ് ഫയൽ ചെയ്യാനുള്ള സാധുത തേടുമെന്ന് വ്യാപാരികൾ പറയുന്നു
2.കടമുറികൾ ഒഴിയണമെന്ന് ആവശ്യപ്പെട്ടതല്ലാതെ പോലും വിഷയം ചർച്ച ചെയ്യാൻ നഗരസഭ തയാറായിട്ടില്ലെന്നും പുറമ്പോക്ക് ഭൂമിയായതിനാൽ നഗരസഭയ്ക്ക് നഷ്ടപരിഹാരം നൽകാനാവില്ലെന്നുമാണ് വിശദീകരണം
3. അതേസമയം അവസാനം നൽകിയ നോട്ടീസിലും വാടക കുടിശികയുള്ള സ്ഥാപനങ്ങൾ അത് അടച്ചുതീർക്കണമെന്ന് സൂചിപ്പിച്ച് ഇരട്ടത്താപ്പ് സമീപനമാണ് നഗരസഭ കൈക്കൊള്ളുന്നതെന്നും വ്യാപാരികൾ പരാതിപ്പെടുന്നു
പ്രഖ്യാപനത്തിൽ
ഒതുക്കരുത്
ജില്ലാ കോടതി പാലം പുനർനിർമ്മിക്കുമ്പോൾ വരുന്ന ഫ്ലൈ ഓവറിന് താഴെ പതിനഞ്ചിലധികം കടമുറികൾ വരുമെന്നും, അതിൽ മുൻഗണനാടിസ്ഥാനത്തിൽ പരിഗണിക്കാമെന്നും സ്ഥലം എം.എൽ.എ നേരത്തെ ഉറപ്പുനൽകിയിരുന്നതായി വ്യാപാരികൾ പറയുന്നു. കേവലം പ്രഖ്യാപനത്തിലൊതുക്കാതെ രണ്ട് പതിറ്റാണ്ടിലധികം കച്ചവടം നടത്തുന്നവർക്ക് കടമുറികൾ നൽകുമെന്ന് ഉറപ്പ് നൽകാൻ അദ്ദേഹം തയാറാകണമെന്നും വ്യാപാരികൾ പറയുന്നു.
പുറംമ്പോക്കിലെ കടകളിൽ നിന്ന് നഗരസഭയ്ക്ക് വാടക ഈടാക്കാമെങ്കിൽ, പുനരധിവാസമോ, അർഹമായ നഷ്ടപരിഹാരമോ നൽകാനുള്ള ബാദ്ധ്യതയുമുണ്ട്
- വ്യാപാരികൾ