അമ്പലപ്പുഴ: കാക്കാഴത്ത് കടൽക്ഷോഭം രൂക്ഷം. നിരവധി വീടുകൾ ഭീഷണിയൽ. ഞായറാഴ്ച മുതലാണ് കടൽ ക്ഷോഭം ഇവിടെ രൂക്ഷമായത്. തകർന്നുകിടക്കുന്ന കടൽ ഭിത്തിക്ക് മുകളിലൂടെയാണ് ശക്തമായ തിരമാല അടിച്ചെത്തുന്നത്. താത്കാലികമായി സ്ഥാപിച്ച ടെട്രാപോഡുകൾ കടലെടുത്തു. കള്ളക്കടൽ പ്രതിഭാസത്തിന്റെ തുടർച്ചയാണ് അപ്രതീക്ഷിത കടലാക്രമണമെന്ന് സൂചനയുണ്ട്. ശക്തമായ തിരമാല കരയിലേക്ക് അടിച്ചെത്തുകയാണ്. ഇതോടെയാണ് വീടുകൾ തകർച്ചാ ഭീഷണിയിലായത്.
ഈ പ്രദേശത്ത് പുലിമുട്ട്, കടൽ ഭിത്തി നിർമ്മിക്കാൻ 48 കോടി രൂപയുടെ പദ്ധതിക്ക് 2021ൽ ടെണ്ടർ ചെയ്തിരുന്നു. മന്ത്രി റോഷി അഗസ്റ്റിൻ കാക്കാഴത്ത് നടന്ന ചടങ്ങിൽ ഇതിന്റെ പ്രഖ്യാപനവും നടത്തി. കടലാക്രമണം തടയാൻ 8 പുലിമുട്ടുകളും കടൽ ഭിത്തിയും നിർമ്മിക്കുമെന്നായിരുന്നു അന്ന് പറഞ്ഞത്. എന്നാൽ വർഷങ്ങൾ കഴിഞ്ഞിട്ടും പ്രഖ്യാപനം കടലാസിലുറങ്ങുകയാണ്. ഇതോടെ തീരദേശം കടൽക്ഷോഭ ഭീണിയിലായി. അടിയന്തരമായി കടൽ ഭിത്തിയുടെ അറ്റകുറ്റപ്പണിയെങ്കിലും നടത്തിയില്ലെങ്കിൽ നിരവധി വീടുകൾ കടലെടുക്കുന്ന സ്ഥിതിയാണ്.