അരൂർ: അടുക്കളവാതിലിന്റെ പൂട്ട് തകർത്ത് കള്ളുഷാപ്പിനുള്ളിൽ കയറി മേശയിൽ സൂക്ഷിച്ചിരുന്ന പണം കവർന്ന കേസിൽ 2 യുവാക്കൾ പിടിയിലായി. എഴുപുന്ന കുഴിവേലി നികർത്ത് ശരത്ത് (ആദിത്യൻ - 23), എഴുപുന്ന നാളികാട് വീട്ടിൽ വൈശാഖ് (26) എന്നിവരെയാണ് അരൂർ പൊലീസ് പിടികൂടിയത്. എഴുപുന്ന കുമാരപുരത്തെ കള്ള് ഷാപ്പിൽ നിന്ന് 10,000 രൂപയാണ് ഷാപ്പിലെ സ്ഥിരം സന്ദർശകരായ ഇവർ കഴിഞ്ഞ ദിവസം രാത്രി മോഷ്ടിച്ചത്. ഷാപ്പിലെ സി.സി.ടി.വി ക്യാമറ ദിശ മാറ്റിവച്ച ശേഷമായിരുന്നു മോഷണം നടത്തിയതെങ്കിലും പ്രതികളുടെ ചിത്രം പതിഞ്ഞിരുന്നു. അരൂർ എസ്.എച്ച്.ഒ പി.എസ്.ഷിജു , എസ്.ഐ. ഗീതുമോൾ എന്നിവരുടെ നേതൃത്വത്തിലുള്ള സംഘമാണ് പ്രതികളെ അറസ്റ്റ് ചെയ്തത്. സ് ശരത്ത്, മോഷണമടക്കം 5 കേസുകളിൽ പ്രതിയാണെന്ന് പൊലീസ് പറഞ്ഞു. ചേർത്തല കോടതിയിൽ ഹാജരാക്കിയ പ്രതികളെ റിമാൻഡ് ചെയ്തു.