ph

കായംകുളം : ഉദ്ഘാടനം കഴിഞ്ഞ് 5 വർഷം കഴിഞ്ഞിട്ടും നാടിന് പ്രയോജനപ്പെടാത്ത കായംകുളം ബോട്ട് ജെട്ടിയിലെ കായലോര ടൂറിസം പദ്ധതി പ്രദേശത്ത് സംരക്ഷണവേലി കെട്ടാൻ 43.71 ലക്ഷം രൂപ അനുവദിച്ചു. സാമൂഹ്യ വിരുദ്ധരെ നിയന്ത്രിക്കാനാണ് സംരക്ഷണവേലി കെട്ടുന്നതെന്നാണ് അധികൃതരുടെ വിശദീകരണം. ജില്ലാ നിർമ്മിതി കേന്ദ്രത്തിനാണ് നിർമ്മാണ ചുമതല.

15 കോടി ചിലവിട്ട കായലോര ടൂറിസം പദ്ധതി 2019 ഫെബ്രുവരി 25ന് മുഖ്യമന്ത്രി പിണറായി വിജയനാണ് ഉദ്ഘാടനം ചെയ്തത്. കാട് മൂടി കിടന്ന പ്രദേശം സാമൂഹ്യവിരുദ്ധരുടെ താവളമായി മാറിയിരുന്നു. രണ്ടാഴ്ച മുമ്പാണ് കായംകുളം നഗരസഭയും ഡി.റ്റി.പി.സിയും സംയുക്തമായി നാട്ടുകാരുടെ സഹകരത്തോടെ കാട് വെട്ടി തെളിച്ചത്. കോടികൾ പാഴായ പദ്ധതിക്ക് വീണ്ടും 43.71 ലക്ഷം കൂടി അനുവദിച്ചതിനെതിരെ ആക്ഷേപമുയരുന്നുണ്ട്.

തീരദേശ പരിപാലന നിയമത്തിൽ കുരുങ്ങി

 കായലിൽ നിന്ന് മണ്ണടിച്ച് നികത്തിയ മൂന്ന് ഏക്കർ കായൽ തീരത്താണ് പദ്ധതി

 തീരദേശപരിപാലന നിയമം ലംഘിച്ചാണ് നിർമ്മാണ പ്രവർത്തനങ്ങൾ നടത്തിയത്

 അതിനാൽ കെട്ടിടങ്ങൾക്ക് നമ്പർ ഇടാനോ വൈദ്യുതി കണക്ഷൻ എടുക്കാനോ സാധിച്ചില്ല

 സാമൂഹ്യവിരുദ്ധർക്കും മയക്കുമരുന്ന് ലോബിക്കുമാണ് പ്രദേശം പ്രയോജനപ്പെടുന്നത്

15 കോടി : പദ്ധതിക്ക് ചെലവഴിച്ച തുക

തീരദേശപരിപാലനിയമത്തിന്റെ പരിധിയിൽ നിന്ന് പദ്ധതി പ്രദേശത്തെ ഒഴിവാക്കാൻ സർക്കാർ ശ്രമിക്കാഞ്ഞതാണ് കോടികൾ മുടക്കിയ പദ്ധതി നാടിന് ശാപമായി തുടരാൻ കാരണം

- പ്രദേശവാസികൾ