ആലപ്പുഴ : ഒരു കോടിക്കടുത്ത് രൂപ ചെലവാക്കി വാങ്ങിയിട്ടും ഒരുവർഷത്തോളമായി ഉപയോഗിക്കാതെ കിടന്നിരുന്ന ആധുനിക പോളവാരൽയന്ത്രമായ വീഡ് ഹർവെസ്റ്ററിന് ശാപമോക്ഷമാകുന്നു. ഒരാഴ്ചക്കുള്ളിൽ യന്ത്രം ഉപയോഗിച്ച് നഗരത്തിലെ കനാലുകളിൽ നിന്ന് പോളവാരൽ ആരംഭിക്കും.
കനാൽ നവീകരണ ചുമതലയുള്ള കേരള ഇറിഗേഷൻ ഇൻഫ്രാസ്ട്രക്ചർ ഡെവലപ്‌മെന്റ് കോർപറേഷൻ കഴിഞ്ഞ സെപ്തംബറിലാണ് 92ലക്ഷം രൂപ ചെലവഴിച്ച് യന്ത്രം വാങ്ങിയത്. എന്നാൽ ഇത് ഏറ്റെടുത്ത് പ്രവർത്തിപ്പിക്കാൻ ഏജൻസികൾ രംഗത്ത് വരാത്തതിനാൽ ചുങ്കത്തെ കനാലിൽ വിശ്രമത്തിലായിരുന്നു വീഡ് ഹാർവെസ്റ്റർ.
തുടർന്ന് ഇൻഫ്രാസ്ട്രക്ചർ ഡെവലപ്‌മെന്റ് കോർപറേഷൻ കിഫ്ബിയുടെ സഹായത്തോടെ യന്ത്രത്തിന്റെ പരിപാലനം നേരിട്ട് നടത്താനുള്ള നടപടി പൂർത്തീകരിക്കുകയായിരുന്നു. രണ്ട് വർഷത്തെ പരിപാലനത്തിനുള്ള പണമാണ് കിഫ്ബി അനുവദിച്ചത്.
പ്രവർത്തിപ്പിക്കാനാളില്ലാതെ ഒരു വർഷം
നഗരത്തിലെ കനാലുകളിലെ പോളയും പായലും നീക്കം ചെയ്യാനായി കിഫ്ബി ഫണ്ടിലാണ് ആധുനിക പോളവാരൽയന്ത്രം വാങ്ങിയത്
പൈതൃക പദ്ധതിയുടെ ചുമതലയുള്ള മുസിരിസിന് യന്ത്രം കൈമാറുന്നതിനായിരുന്നു ആദ്യം തീരുമാനിച്ചിരുന്നത്
ജീവനക്കാരന്റെ വേതനം, ഡീസൽ, അറ്റകുറ്റപ്പണി തുടങ്ങിയ ഭാരിച്ച പരിപാലന ചെലവ് വരുമെന്നതിനാൽ മുസിരിസ് പിൻവാങ്ങി
ഏറ്റെടുക്കാൻ ആളില്ലാതായതോടെ യന്ത്രം മാസങ്ങളോളം എ.എസ് കനാലിൽ മട്ടാഞ്ചേരി പാലത്തിനടുത്ത് വിശ്രമത്തിലായിരുന്നു
കഴിഞ്ഞമാസം ഇറിഗേഷൻ ഇൻഫ്രാസ്ട്രക്ചർ ഡെവലപ്‌മെന്റ് കോർപറേഷൻ യന്ത്രം ചുങ്കത്തെ കനാലിലേക്ക് മാറ്റി
രണ്ട് വർഷത്തേക്ക് പരിപാലനത്തിനായി കിഫ്ബി അനുവദിച്ച തുക ഉപയോഗിച്ച് വൈകാതെ ആധുനിക പോളവാരൽ യന്ത്രം പ്രവർത്തിപ്പിച്ച് തുടങ്ങും. യന്ത്രം പ്രവർത്തിപ്പിക്കാനുള്ള പരിശീലനം തൊഴിലാളിക്ക് നൽകും. യന്ത്രത്തിന്റെ സ്‌പെയർ പാർട്സുകൾ അഞ്ചുവർഷം ലഭ്യമാക്കാമെന്ന വ്യവസ്ഥയിലാണ് യന്ത്രം വാങ്ങിയത്.
- കെ.പി.ഹരൻബാബു, ഡെപ്യൂട്ടി ജനറൽ മാനേജർ, കേരള ഇറിഗേഷൻ ഇൻഫ്രാസ്ട്രക്ചർ ഡെവലപ്‌മെന്റ് കോർപ്പറേഷൻ
വീഡ് ഹർവെസ്റ്റർ വില : 92 ലക്ഷംരൂപ
ജീവനക്കാരന്റെ വേതനം
പ്രതിദിനം: 1500രൂപ
ഡീസൽ
ഒരമണിക്കൂറിൽ വേണ്ടത്: 5ലിറ്റർ
ദിവസം : 40ലിറ്റർ