അമ്പലപ്പുഴ: ശക്തമായ ചുഴലിക്കാറ്റിൽ വ്യാപകനാശം. പോസ്റ്റും മരങ്ങളും കടപുഴകി വീണ് വീടുകൾ തകർന്നു, വൈദ്യുതി ബന്ധം മണിക്കൂറുകളോളം നിലച്ചു. തലവടി പഞ്ചായത്ത് 11-ാം വാർഡിൽ മാലിച്ചിറ ശാന്ത, നാലാം വാർഡിൽ നടുവിലേമുറി കൊച്ചുമോൾ ഓമനക്കുട്ടൻ, തകഴി പഞ്ചായത്ത് 8-ാം വാർഡിൽ കേളമംഗലം അഞ്ചിൽ ആനന്ദവല്ലി എന്നിവരുടെ വീടുകളുടെ മേൽക്കൂര മരം വീണ് തകർന്നു.
ലൈഫ് പദ്ധതി പ്രകാരം നിർമ്മാണത്തിലിരിക്കുന്ന ശാന്തയുടെ വീടിന് മുകളിലേക്ക് സമീപവാസിയുടെ പുളിമരമാണ് കടപുഴകിയത്. ഇതോടെ, വാർപ്പ് കഴിഞ്ഞ് ഒരു ദിവസം പിന്നിട്ട വീടിന്റെ മേൽക്കൂര ഭാഗകമായി തകർന്നു. കൊച്ചുമോൾ ഓമനക്കുട്ടന്റെ വീടിന്റെ മേൽക്കൂരയും മരം വീണ് ഭാഗികമായി തകർന്നു. കേളമംഗലം സ്വദേശിനി ആനന്ദവല്ലിയുടെ വീട് പൂർണ്ണമായി നിലം പതിച്ചു. വിധവയായ ആനന്ദവല്ലിയും വിദ്യാർത്ഥിയായ രണ്ട് കുട്ടികളും മാത്രമാണ് വീട്ടിലുള്ളത്.
തലവടി,തകഴി,കേളമംഗലം,ചെക്കിടിക്കാട്, പച്ച, പുറക്കാട്, അമ്പലപ്പുഴ, പുന്നപ്ര പ്രദേശങ്ങളിൽ നിരവധി വൈദ്യുതി പോസ്റ്റുകൾ ഒടിഞ്ഞുവീണു. നിരവധി മരങ്ങളും കടപുഴകി. ഇതോടെ മണിക്കൂറുകളോളം ഗതാഗതം തടസപ്പെട്ടു. പുലർച്ചെ 4 മണിയോടെ തടസപ്പെട്ട വൈദ്യുതി ബന്ധം വൈകിട്ടും പല സ്ഥലങ്ങളിലും പുനസ്ഥാപിക്കാനായിട്ടില്ല. കാക്കാഴം, വളഞ്ഞ വഴി, വണ്ടാനം, പുന്നപ്ര ഭാഗങ്ങളിൽ കടൽക്ഷോഭവും ശക്തമാണ്. കൂറ്റൻ തിരമാലകൾ കടൽഭിത്തിക്ക് മുകളിലൂടെ അടിച്ചു കയറുകയായിരുന്നു. ഉച്ചയോടെയാണ് കടൽക്ഷോഭം അൽപ്പമൊന്ന് ശമിച്ചത്.