ആലപ്പുഴ: ബുധനാഴ്ച പുലർച്ചെ വീശിയടിച്ച ശക്തമായ കാറ്റിൽ ജില്ലയിൽ വ്യാപകനാശം. ഒരു വീട് പൂർണമായും അമ്പതോളം വീടുകൾ ഭാഗികമായും തകർന്നു. നാലുമണിയോടെയാണ് തീരദേശം മുതൽ ജില്ലയുടെ കിഴക്കൻ മേഖല വരെ ഒരുമണിക്കൂറോളം അതിശക്തമായ കാറ്റ് വീശിയടിച്ചത്.

കലവൂർ വെളിയിൽ വീട്ടിൽ അലോഷ്യസ് മോറിസിന്റെ വീട് പൂർണമായും തകർന്നു. നിരത്തുവക്കുകളിൽ നിരവധി മരങ്ങൾ കടപുഴകിയെങ്കിലും രാത്രിയായതിനാൽ റോഡുകളിൽ വാഹനങ്ങളില്ലാതിരുന്നതിനാൽ വൻദുരന്തം ഒഴിവായി. തീരദേശത്ത് ശക്തമായ തിരമാലയ്ക്കൊപ്പം വീശിയടിച്ച കാറ്റിൽ തോട്ടപ്പള്ളി, പുറക്കാട് മേഖലകളിൽ നിരവധി വള്ളങ്ങൾക്കും മത്സ്യബന്ധന ഉപകരണങ്ങൾക്കും കേടുപാടുണ്ടായി.

തകഴി റെയിൽവേഗേറ്റിന് സമീപത്തും ഓച്ചിറയ്ക്കും കായംകുളത്തിനുമിടയിലും ട്രാക്കിൽ മരംവീണതിനാൽ ട്രെയിനുകൾ വൈകി. ഓച്ചിറയിൽ മരംവീണതിനാൽ പാലരുവി എക്സ്‌പ്രസ് 20 മിനിട്ടോളം കായംകുളം സ്റ്റേഷനിൽ പിടിച്ചിട്ടു.

തുമ്പോളിയിൽ റെയിൽവേ ട്രാക്കിലേക്ക് മരം ചാഞ്ഞുനിന്നതിനെ തുടർന്ന് ആലപ്പുഴയിൽ നിന്നുള്ള ധൻബാദ് എക്സ്പ്രസ് വൈകി. മരംവീണ് മാന്നാർ തൃക്കുരട്ടി ധർമശാസ്താക്ഷേത്രത്തിന്റെ മതിൽതകർന്നു. ചുഴലിക്കാറ്റിൽ അമ്പലപ്പുഴ, തലവടി , തകഴി പ്രദേശത്ത് നിരവധി വീടുകളും വൈദ്യുതി പോസ്റ്റും തകർന്നു. മരങ്ങൾ കടപുഴകി വീണു. പ്രദേശത്ത് വൈദ്യുതി ബന്ധം നിലച്ചു. തലവടി പഞ്ചായത്ത് 11-ാം വാർഡിൽ മാലിച്ചിറ ശാന്ത,നാലാംവാർഡിൽ നടുവിലേമുറികൊച്ചുമോൾ ഓമനക്കുട്ടൻ എന്നിവരുടെ വീടുകൾ തകർന്നു. ലൈഫ് പദ്ധതി പ്രകാരം നിർമ്മാണത്തിലിരുന്ന ശാന്തയുടെ വീടിന് മുകളിൽ സമീപ വാസിയുടെ പുളിമരം കടപുഴകി വീഴുകയായിരുന്നു. കായംകുളത്ത് പാർക്ക് ചെയ്തിരുന്ന കാറിന് മുകളിൽ മരം വീണു.

മാന്നാറിൽ വിവിധയിടങ്ങളിൽ മരങ്ങൾ കടപുഴകി വൈദ്യുതി ലൈനുകളും ഉപകരണങ്ങളും തകർന്നു. വള്ളികുന്നം, താമരക്കുളം, ചാരുംമൂട്, നൂറനാട്, ഭരണിക്കാവ്, മാവേലിക്കര, കുറത്തികാട് പ്രദേശങ്ങളിലും കാറ്റിൽ വൻ നാശനഷ്ടമുണ്ടായി. ആലപ്പുഴ നഗരത്തിൽ വലിയചുടുകാടിന് മുൻവശം പാർക്ക് ചെയ്തിരുന്ന ലോറിയുടെയും ജനറൽ ഹോസ്പിറ്റൽ കോമ്പൗണ്ടിൽ പാർക്ക് ചെയ്തിരുന്ന കാറിന്റെയും മുകളിലേക്ക് മരം കടപുഴകി . മണ്ണഞ്ചേരി സ്കൂളിന് സമീപം ,പാതിരപ്പള്ളി ഓമനപ്പുഴ ഭാഗം,മിൽമ കളിത്തട്ട്, വളവനാട് കോൾഗേറ്റ് ജംഗ്ഷൻ, പുന്നമടഎച്ച്.എൻ.സി പള്ളി എന്നിവിടങ്ങളിലും മരങ്ങൾ കടപുഴകി.

 2 വാഹനങ്ങൾ തകർന്നു
 വൈദ്യുതി ബന്ധം തകരാറിൽ
 റെയിൽവേ ട്രാക്കിൽ മരം വീണു

 ട്രെയിനുകൾ വൈകി

ഭാഗികമായി തകർന്ന വീടുകൾ

(താലൂക്ക് അടിസ്ഥാനത്തിൽ)

അമ്പലപ്പുഴ- 20

കാർത്തികപ്പള്ളി-12

ചേർത്തല -7

മാവേലിക്കര-5

ചെങ്ങന്നൂർ-4

കുട്ടനാട്-2