ആലപ്പുഴ: കായലിനു നടുവിലെ തുറന്ന സ്റ്റേജിൽ ഒരു വിവാഹം. വിനോദസഞ്ചാരികളുടെ ഇഷ്ടകേന്ദ്രമായ കൈനകരി വട്ടക്കായലിലാണ് കഴിഞ്ഞദിവസം കതിർമണ്ഡപം ഒരുങ്ങിയത്. നിരവധി വിവാഹങ്ങൾ ഇതിനു മുമ്പ് ഹൗസ്ബോട്ടുകളിൽ നടന്നിട്ടുണ്ടെങ്കിലും കായലിനു നടുവിൽ വച്ച് വരണമാല്യം ചാർത്തുന്നത് ആദ്യമാണ്. കൈനകരി കുട്ടമംഗലം കുതവറച്ചിറയിൽ പ്രവാസിയായ അനിലിന്റെയും സ്മിതയുടെയും മകൾ ഹരിതയും ചാലക്കുടി സ്വദേശികളായ രവീന്ദ്രനാഥ്, ഹേമലത ദമ്പതികളുടെ മകൻ ഹരിനാഥുമാണ് കൈനകരി ഹൗസ് ബോട്ട് ടെർമിനലിൽ ഒരുക്കിയ വേദിയിൽ വിവാഹിതരായത്.
ടെർമിനലിന്റെ ഇരുവശത്തും നാല് ജങ്കാറുകളിലും ശിക്കാരവള്ളങ്ങളിലും ചെറുവള്ളങ്ങളിലുമായി വിദേശികളടക്കം എഴുന്നൂറോളം അതിഥികളാണ് വിവാഹത്തിനു സാക്ഷ്യം വഹിച്ചത്. വഞ്ചിപ്പാട്ടിന്റെയും നാടൻപാട്ടിന്റെയും കലാരൂപങ്ങളുടെയും അകമ്പടിയോടെയാണ് വരനെ വേദിയിലേക്ക് ആനയിച്ചത്. താലിചാർത്തൽ ഇന്ന് ഗുരുവായൂരമ്പല നടയിൽ നടക്കും.
ആലപ്പുഴ - ചങ്ങനാശ്ശേരി റോഡിൽ കൈനകരി ജംഗ്ഷനിൽ നിന്ന് ആറു കിലോമീറ്റർ ഉള്ളിലേക്ക് സഞ്ചരിച്ചാൽ ഹൗസ് ബോട്ട് ടെർമിനലിലെത്താം. സ്പീഡ് ബോട്ടും കയാക്കിങ്ങും ലഘുഭക്ഷണവും ആസ്വദിച്ച് സമയം ചെലവഴിക്കാനുള്ള സംവിധാനമുണ്ടിവിടെ. ടെർമിനലിൽ വിനോദസഞ്ചാര വകുപ്പിന്റെ അഡ്വെഞ്ചർ ടൂറിസം പദ്ധതികൾക്കുള്ള നടപടികൾ പുരോഗമിക്കുന്നു. സാഹസിക ഇനങ്ങളുടെ കേന്ദ്രമായി മാറിയാലും വിവാഹമടക്കമുള്ള ചടങ്ങുകൾ നടത്താനുള്ള സൗകര്യം ടെർമിനലിൽ ഉണ്ടാകുമെന്ന് ഡി.ടി.പി.സി അധികൃതർ പറഞ്ഞു.
വള്ളംകളിയിലെ വനിതാ ക്യാപ്ടൻ
ഡൽഹി പൊലീസിൽ സീനിയർ ഫോറൻസിക് സയന്റിസ്റ്റായ ഹരിത നെഹ്റുട്രോഫി വള്ളംകളിയുടെ ചരിത്രത്തിലെ ഏക വനിതാക്യാപ്ടനാണ്. 2013ലെ മത്സരത്തിലാണ് ഹരിത കൈനകരി യുണൈറ്റഡ് ബോട്ട് ക്ലബിന്റെ ക്യാപ്ടനായത്. വിവാഹം കായൽ പശ്ചാത്തലത്തിൽ വേണമെന്നതും ഹരിതയുടെ സ്വപ്നമായിരുന്നു. അതിനായി ആലപ്പുഴ ജില്ല ടൂറിസം പ്രെമോഷൻ കൗൺസിലിൽ അപേക്ഷ നൽകി. ജില്ല കളക്ടറുടെ അനുമതി ലഭിച്ചതോടെ കായലിൽ കതിർമണ്ഡപമുയർന്നു.