rani

ആലപ്പുഴ: കുട്ടനാട്ടിലെ കായൽനിലമായ റാണിക്കായലിൽ കുട്ടനാട് പാക്കേജിന്റെ ഭാഗമായി നിർമ്മിച്ച സ്ളാബ് തകർന്ന സ്ഥലങ്ങളിൽ പുനർ നിർമ്മാണത്തിന് 40 ലക്ഷം രൂപയുടെ പദ്ധതി. കൃഷി വകുപ്പിന്റെ കീഴിലുള്ള എൻജിനീയറിംഗ് വിഭാഗമാണ് എസ്റ്റിമേറ്റ് തയ്യാറാക്കിയത്. കൈനകരി ഗ്രാമപഞ്ചായത്ത് ഒന്നാം വാർഡായ കുപ്പപ്പുറത്തെ വടക്കേക്കരയിലെ പുറംബണ്ടിന്റെ വടക്ക് , വടക്ക് പടിഞ്ഞാറ് ഭാഗങ്ങളിലെ സ്ളാബുകളാണ് ബലപ്പെടുത്തുക.

വേമ്പനാട്ട് കായലിൽ നിന്ന് ഉപ്പുവെള്ളം കയറുന്നത് തടയാൻ കുട്ടനാട് പാക്കേജിന്റെ ഭാഗമായി നിർമ്മിച്ച സ്ളാബ് ഇളകിയതാണ് കൃഷിയ്ക്കുളള തയ്യാറെടുപ്പുകൾ പുരോഗമിക്കുന്ന പാടത്തേക്ക് വെള്ളം കുത്തിയൊഴുകാൻ ഇടയാക്കിയത്.കൃഷിക്കായി റാണിപ്പാടത്തെ വെള്ളം മോട്ടോർ ഉപയോഗിച്ച് വറ്റിക്കുന്നതിനിടെ കായൽ വെള്ളം ഇരച്ചുകയറിയത് പുറംബണ്ട് ബലപ്പെടുത്തൽ ഉൾപ്പെടെയുള്ള പാടമൊരുക്കൽ പ്രവൃത്തികൾക്ക് തടസമായിരുന്നു. വേലിയേറ്റ സമയത്താണ് കായൽവെള്ളം പാടത്തേക്ക് കുത്തിയൊഴുകുന്നത്. കുട്ടനാട് പാക്കേജിന്റെ ഭാഗമായി നടത്തിയ നിർമ്മാണത്തിലെ അപാകതയാണ് ഉപ്പുവെളളത്തെ പ്രതിരോധിക്കാൻ നിർമ്മിച്ച കോൺക്രീറ്റ് സ്ളാബ് തകരാൻ കാരണം. സ്ളാബ് തകർന്നത് കേരളകൗമുദി വാർത്തയാക്കിയതിന് പിന്നാലെ ജില്ലാ പ്രിൻസിപ്പൽ കൃഷി ഓഫീസറുടെ സംഘം റാണിക്കായൽ സന്ദ‌ർശിച്ചിരുന്നു.