കായംകുളം: ഇന്നലെ പുലർച്ചെയുണ്ടായ ശക്തമായ കാറ്റിൽ റെയിൽവേട്രാക്കിൽ മരം വീണ് ഒരുമണിക്കൂറോളം ട്രെയിൻ ഗതാഗതം തടസപ്പെട്ടു. കായംകുളത്തിന്റെ പടിഞ്ഞാറൻ പ്രദേശങ്ങളിലും മരങ്ങൾ കടപുഴകി.വൈദ്യുതി ലൈനുകളിലേക്ക് മരങ്ങൾ വീണതിനാൽ പലയിടത്തും വൈദ്യുതി വിതരണം തകരാറിലായി.
വെളുപ്പിന് 5 മണിക്ക് ഓച്ചിറക്കും കൃഷ്ണപുരത്തിനും ഇടയിലാണ് ട്രാക്കിൽ മരംവീണത്. പാലരുവി എക്സ്പ്രസ് ഒരുമണിക്കൂറും, വന്ദേഭാരത് എക്സ്പ്രസ് 20 മിനിട്ടും ഒാച്ചിറയിൽ പിടിച്ചിട്ടു. കൊറ്റുകുളങ്ങരക്ക് പടിഞ്ഞാറ് കൊച്ചുപള്ളിക്ക് സമീപം നിഹാസിന്റെ വീടിൻറെ മുകളിലേക്ക് സമീപത്തെ വീട്ടുമുറ്റത്ത് നിന്ന മാവ് കടപുഴകി വീണു. കൊപ്രാപ്പുരയിൽ വൈദ്യുത കമ്പനിയിലേക്ക് മരം വീണ് കമ്പികൾ പൊട്ടി.
ഐക്യജംഗ്ഷനിൽ തേക്കാതലക്കൽ സതീദേവിയുടെ വീടിന് മുകളിൽ മരം വീണ് വീട് ഭാഗികമായി തകർന്നു. സൈഫുദ്ദീൻ വീട്ടിൽ ആഞ്ഞിലി വീണ് വിറക് ഷെഡ് പൂർണ്ണമായും തകർന്നു. നഗരസഭ മുപ്പത്തിയെട്ടാം വാർഡിൽ കടമ്പാട്ട് വീട്ടിൽ ഹുസൈന്റെ വീടിന്റെ മുകളിൽ ശക്തമായ കാറ്റിൽ ആഞ്ഞിലിമരം വീണ് വീട്ടമ്മയ്ക്ക് പരിക്കേറ്റു. പരിക്ക് ഗുരുതരമല്ല. വെളുത്തടത്ത് വീട്ടിൽ മോഹിനിക്കാണ് പരിക്കേറ്റത്.