വള്ളികുന്നം : വള്ളികുന്നത്ത് കാട്ടുപന്നിക്കൂട്ടം വീണ്ടും മരച്ചീനി കൃഷി നശിപ്പിച്ചു. വള്ളികുന്നം ആറാം വാർഡിൽ പ്രകാശന്റെ മരച്ചീനി കൃഷിയാണ് കഴിഞ്ഞരാത്രി കാട്ടുപന്നിക്കൂട്ടം നശിപ്പിച്ചത്. മരച്ചീനിയുടെ ചുവട് കുത്തിയിളക്കി ചീനി തിന്നു നശിപ്പിച്ച കാട്ടുപന്നി പറമ്പിലെ ചേമ്പ് , ചേന , വാഴ തുടങ്ങിയ വിളകളും നശിപ്പിച്ചു.

വള്ളികുന്നം കൊണ്ടോടിമുകൾ വാർഡിൽ മുണ്ടിയാലുംവിളയിൽ പുഷ്കരന്റെ പശുവിനെ കഴിഞ്ഞദിവസം കാട്ടുപന്നി ആക്രമിച്ചിരുന്നു. തൊഴുത്തിൽ പശുവിന്റെ ഭയന്നുള്ള കരച്ചിലും ബഹളവുംകേട്ട് വീട്ടുകാർ ഉണർന്നപ്പോൾ പന്നി ഓടി മറയുകയായിരുന്നു.

ഏതാനും മാസം മുമ്പ് കൃഷിപ്പണിയിലേർപ്പെട്ടിരുന്ന അയൽവാസികളായ മൂന്നുപേർക്ക് ഇവിടെ കാട്ടുപന്നി ആക്രണത്തിനിരയായി ഗുരുതരമായി പരിക്കേറ്റിരുന്നു.

കപ്പയും വാഴയും തെങ്ങുകളും പച്ചക്കറികളുമുൾപ്പെടെ കൃഷികൾ കാട്ടുപന്നികൾ ഇവിടെ നശിപ്പിക്കുന്നത് നിത്യസംഭവമാണ്. രണ്ട് ദിവസം മുമ്പ് കൊണ്ടോടിമുകൾ വാർഡിലെ സഹദേവൻ,​ ശാരദ എന്നിവരുടെ മരച്ചീനി കൃഷി നശിപ്പിച്ചിരുന്നു.

വള്ളികുന്നം പഞ്ചായത്തിലെ കടുവിനാൽ,​ പുത്തൻ ചന്ത,​ പടയണിവെട്ടം,​ മിൽമ തുടങ്ങിയ സ്ഥലങ്ങളിലും കാട്ടുപന്നികളുടെ ശല്യം രൂക്ഷമായിട്ടുണ്ട്

കാട്ടുപന്നിയെ വെടിവയ്ക്കും

വള്ളികുന്നം പഞ്ചായത്തിന്റെ വിവിധ പ്രദേശങ്ങളിൽ കാട്ടുപന്നിശല്യം രൂക്ഷമായതിനെ തുടർന്ന് പഞ്ചായത്ത് ഹാളിൽ ഇന്നലെ വൈകിട്ട് ചേർന്ന ജനപ്രതിനിധികളുടെയും രാഷ്ട്രീയ പാർട്ടി പ്രതിനിധികളുടെയും കർഷകരുടെയും യോഗത്തിൽ പന്നിയെ തുരത്താൻ അടിയന്തര നടപടി കൈക്കൊള്ളാൻ തീരുമാനമായി. ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ഡി. രോഹിണിയുടെ നേതൃത്വത്തിലായിരുന്നു യോഗം. കാട്ടുപന്നിയുടെ ഒളിത്താവളങ്ങൾ കണ്ടെത്തി ഷൂട്ടറുടെ സഹായത്തോടെ വെടിവയ്ക്കാനാണ് തീരുമാനിച്ചിട്ടുള്ളത്.