ആലപ്പുഴ: ശക്തമായ കാറ്റിൽ ക്ഷേത്രം ചുറ്റമ്പല പുനരുദ്ധാരണത്തിനായി സ്ഥാപിച്ച താത്കാലിക പന്തൽ തകർന്നുവീണു. കഞ്ഞിക്കുഴി ചെറുവാരണം അയ്യപ്പൻചേരി ശ്രീധർമ്മശാസ്താ ക്ഷേത്രത്തിലെ പന്തലാണ് ശക്തമായ കാറ്റിൽ തകർന്നുവീണത്.
പുലർച്ചെ 5 മണിയോടെയാണ് കാറ്റ് നാശം വിതച്ചത്. കഞ്ഞിക്കുഴി പഞ്ചായത്ത് നാലാം വാർഡിലെ അയ്യപ്പൻചേരി ക്ഷേത്രത്തിൽ ഏഴര ലക്ഷത്തോളം രൂപ ചെലവഴിച്ചാണ് ഇരുമ്പ് പൈപ്പും ഷീറ്റുകളും ഉപയോഗിച്ച് ഒരാഴ്ച മുമ്പ് താത്‌കാലിക പന്തൽ നിർമ്മിച്ചത്. പൈപ്പുകൾ വളഞ്ഞ് ഷീറ്റുകൾ തെറിച്ചുപോയ അവസ്ഥയിലാണ്. ക്ഷേത്രം പൂജാരിയും ജീവനക്കാരും ഓടി രക്ഷപ്പെട്ടതിനാൽ അപകടം ഒഴിവായി. തണ്ണീർമുക്കം വടക്ക് വില്ലേജ് ഓഫീസ് അധികൃതരും കഞ്ഞിക്കുഴി പഞ്ചായത്ത് അധികൃതരും സ്ഥലത്തെത്തി നഷ്ടം വിലയിരുത്തി.