അമ്പലപ്പുഴ: വയനാട്ടിലെ ഉരുൾപൊട്ടലിൽ ദുരിതത്തിലായവർക്ക് വീടുനിർമ്മിച്ചു നൽകാൻ സ്വകാര്യ വ്യക്തിയുടെ വീടിന്റെ നിർമ്മാണ ജോലികൾ ഏറ്റെടുത്ത് ഡി .വൈ. എഫ്. ഐ പ്രവർത്തകർ. അമ്പലപ്പുഴ വടക്ക് പഞ്ചായത്ത് 17-ാം വാർഡ് നീർക്കുന്നം അഴിക്കോടൻ ജംഗ്ഷന് സമീപം ആലപ്പുഴ സ്വദേശി തീവെട്ടിയിൽ കാസിം മകന് വേണ്ടി നിർമ്മിക്കുന്ന വീടിന്റെ വാർക്കപ്പണിയാണ് കൺസ്ട്രക്ഷൻ വർക്കേഴ്സ് യൂണിയൻ (സി.ഐ.ടി.യു) വിന്റെ അനുവാദത്തോടെ ഡി.വൈ.എഫ്.ഐ ഏറ്റെടുത്തത്.1500 സ്ക്വയർ ഫീറ്റ് വരുന്ന ഒന്നാം നിലയുടെ വാർക്കപ്പണിയാണ് പ്രവർത്തകർ നിർവഹിച്ചത്. കൂലിയായി ലഭിച്ച തുക മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് കൈമാറും.
ഡി.വൈ.എഫ്.ഐ ബ്ലോക്ക് കമ്മിറ്റി സെക്രട്ടറി അജ്മൽ ഹസൻ,സി.പി.എം വണ്ടാനം ലോക്കൽ കമ്മിറ്റി സെക്രട്ടറി ബി.അൻസാരി, പഞ്ചായത്ത് പ്രസിഡന്റ് എസ്. ഹാരിസ്, ഡി.വൈ.എഫ്.ഐ മേഖല കമ്മിറ്റി പ്രസിഡന്റ് ജീതു, ട്രഷറർ സലാമുദ്ദീൻ അംഗങ്ങളായ ഷാജഹാൻ, സാന്ദ്ര, ജിതേഷ് രാജേന്ദ്രൻ, ബിലാൽ, നിർമ്മാണ തൊഴിലാളി യൂണിയൻ (സി.ഐ.ടി.യു) കൺവീനർ അനസ്, പഞ്ചായത്തംഗം സുനിത പ്രദീപ്, താജുദ്ദീൻ,ഉല്ലാസ്, തൻസീർ, സിബു നസീർ, ദിവ്യ തമ്പുരു,സെലാമുദ്ദീൻ എന്നിവരുൾപ്പെട്ട 15 അംഗ സംഘമാണ് നിർമ്മാണ പ്രവർത്തികൾ ചെയ്തത്. എച്ച്. സലാം എം.എൽ.എ സ്ഥലം സന്ദർശിച്ചു.