ആലപ്പുഴ: ജില്ലാക്കോടതി പാലം പുനർനിർമ്മാണത്തിന്റെ ഭാഗമായി വാടക്കനാൽ തീരത്ത് നിന്ന് ഒഴിപ്പിച്ച കടകൾക്ക് കോടതി നിർദ്ദേശത്തെ തുടർന്ന് നഗരസഭ താക്കോൽ തിരികെ നൽകി. കടകൾ ഒഴിപ്പിക്കുന്നതിനെതിരെ വ്യാപാരികൾ ഹൈക്കോടതിയിൽ നിന്ന് സ്റ്റേ ഓർഡർ സമ്പാദിച്ചിരുന്നു. ഓർഡർ പുറത്തിറങ്ങും മുമ്പാണ് നഗരസഭാധികൃതർ വ്യാപാരികളെ ഒഴിപ്പിച്ചത്. ഇതിനെതിരെ വ്യാപാരികൾ കോടതി അലക്ഷ്യ ഹർജി ഫയൽ ചെയ്യാനിരിക്കെയാണ് സ്റ്റേ ഓർഡറിന്റെ പശ്ചാത്തലത്തിൽ നഗരസഭ കടമുറികൾ തുറന്നു കൊടുത്തത്. നാളെ ഹൈക്കോടതി കേസ് വീണ്ടും പരിഗണിക്കും. കടമുറികൾ ഒഴിഞ്ഞുനൽകാൻ തയാറാണെന്നും നഗരസഭ മുൻകൈയെടുത്ത് ചർച്ച വിളിച്ച് ബദൽ സംവിധാനത്തിനോ, നഷ്ടപരിഹാരത്തിനോ നടപടി സ്വീകരിക്കണമെന്നതാണ് വ്യാപാരികളുടെ ആവശ്യം.