മുഹമ്മ: ശക്തമായ ചുഴലിക്കാറ്റിലും മഴയിലും നിരവധി വൈദ്യുതി പോസ്റ്റുകൾ ഒടിയുകയും ലൈനുകൾ പൊട്ടുകയും ചെയ്തു. ഇന്നലെ പുലർച്ചെ മുഹമ്മ, കഞ്ഞിക്കുഴി,പാതിരപ്പള്ളി തുടങ്ങിയ ഇലക്ട്രിക്കൽ സെക്ഷൻ പരിധിയിലെ വൈദ്യുതി ലൈനുകളാണ് മരം വീണ് ഒടിഞ്ഞത്. ഇതോടെ പ്രദേശത്തെ വൈദ്യുതി ബന്ധം തകർന്നു. മുഹമ്മ ആശുപത്രി-കാവുങ്കൽ ഭാഗങ്ങളിൽ വൈദ്യുതി ബന്ധം പുനസ്ഥാപിച്ചെങ്കിലും മറ്റു പ്രദേശങ്ങളിൽ രാത്രിയൊടെയാണ് വെളിച്ചമെത്തിയത്.
മുഹമ്മ കരയോഗം ജംഗ്ഷന് സമീപം പാപ്പാളിവെളി ശോഭന മാധവൻ , മണ്ണഞ്ചേരി പൊന്നാട് മുക്കാൽ ചിരയിൽ അശോകൻ, കഞ്ഞിക്കുഴി പഞ്ചായത്ത് പത്താം വാർഡ് കോലാട്ട് വെളി ദാസൻ എന്നിവരുടെ വീടുകൾക്ക് മുകളിൽ മരം വീണ് നാശമുണ്ടായി. മാരാരിക്കുളം തെക്ക് പഞ്ചായത്ത് 18 വാർഡിൽ പാച്ചേഴത്ത് വെളി വി.കെ.ഷണ്മുഖന്റെ ഉടമസ്ഥതയിലുള്ള കയർ ഫാക്ടറിക്ക് മുകളിൽ ആഞ്ഞിലി മരം ഒടിഞ്ഞുവീണ് മേൽകൂരയും നാലു തറയും തകർന്നു. മണ്ണഞ്ചേരി അമ്പലക്കടവിന് സമീപം മരം വീണ് ഓട്ടോറിക്ഷ തകർന്നു.