ഹരിപ്പാട്: മധുരമൂറുന്ന പായസം കുടിക്കാം. ഇതിലൂടെ ഒരു കുടുംബത്തിന് അന്തിയുറങ്ങാൻ വീടും നിർമിക്കാം. പായസ ചലഞ്ചിലൂടെ ജൻമദിനാഘോഷം സംഘടിപ്പിച്ച് ഒരു കുടുംബത്തിന് കെട്ടുറപ്പുള്ള വീടൊരുക്കാൻ തയ്യാറെടുക്കുകയാണ് ഹരിപ്പാട് കരുതൽ ഉച്ചയൂണ് കൂട്ടായ്മയുടെ ചെയർമാൻ ഷാജി.കെ.ഡേവിഡ്. ഈ മാസം 24ന് തന്റെ 54-ാമത് പിറന്നാൾ നന്മ നിറഞ്ഞ കാരുണ്യ പ്രവർത്തനത്തിനായി നീക്കി വെക്കുകയാണ് ഇദ്ദേഹം. കഴിഞ്ഞ നാല് പിറന്നാൾ ദിനത്തിലും വിവിധ ചലഞ്ചുകൾ നടത്തിയിരുന്നു. ഇതിൽ നിന്ന് ലഭിച്ച തുക കൊണ്ട് നിരാലംബരായ നാല് കുടുംബങ്ങൾക്ക് കെട്ടുറപ്പുള്ള വീടു നിർമിക്കാനും 3 കുട്ടികളുടെ വിദ്യാഭ്യാസത്തിനും ചികിത്സക്കും സഹായം നൽകാനും കഴിഞ്ഞു. ഇതുവരെ വ്യത്യസ്തമായ ചലഞ്ചുകൾ നടത്തി 65 കുടുംബങ്ങൾക്കാണ് അന്തിയുറങ്ങാൻ വീടൊരുക്കിയത്. നിർദ്ധനരായ 55 പെൺകുട്ടികൾക്ക് മംഗല്യഭാഗ്യവുമൊരുക്കി. 24 ന് ഹരിപ്പാട് ക്ഷേത്രത്തിന് മുന്നിൽ രാവിലെ 8 മുതലാണ് പായസചലഞ്ച്.