a

മാവേലിക്കര : ഇന്നലെ പുലർച്ചെ 4ന് ഉണ്ടായ ശക്തമായ കാറ്റിൽ മാവേലിക്കര മേഖലയിൽ വ്യാപക നാശമുണ്ടായി. മാവേലിക്കര നഗരസഭ, തെക്കേക്കര, ചെട്ടികുളങ്ങര, തഴക്കര പഞ്ചായത്തുകളിൽ നിരവധി പ്രദേശങ്ങളിൽ മരം കടപുഴകി വീണു. വ്യാപകമായി വൈദ്യുതി കമ്പികൾ പൊട്ടിയിരുന്നു. ഈ പ്രദേശങ്ങളിൽ എല്ലാം ഇന്നലെ പകൽ സമയങ്ങളിൽ വൈദ്യുതി ബന്ധം നിലച്ചിരുന്നു. കാറ്റിൽ മരം വീണ് വീടിന്റെ മേൽക്കൂര തകർന്ന് വീട്ടമ്മക്ക് പരിക്കേറ്റു. മരം വീണ് വീടിനോട് ചേർന്ന് നിർത്തിയിട്ടിരുന്ന ഓട്ടോറിക്ഷ തകർന്നു.

തെക്കേക്കര വില്ലേജിൽ പല്ലാരിമംഗലം കൊട്ടക്കാട്ടെത്ത് തറയിൽ ഗോമതിക്കാണ് പരിക്കേറ്റത്. ഇവരുടെ വീടിനു മുകളിൽ തെങ്ങ് വീണിരുന്നു. അപകടത്തിൽ ഗോമതി തലയ്ക്ക് പരിക്കേറ്റു. മാവേലിക്കര ജനറൽ ആശുപത്രിയിൽ ചികിത്സയിലാണ്. പരിക്ക് ഗുരുതരമല്ല. വീടിനു നാശനഷ്ടം സംഭവിച്ചിട്ടുണ്ട്. കണ്ടിയൂർ കിഴക്കടത്ത് വടക്കതിൽ രാജന്റെ വീടിന് മുന്നിൽ നിർത്തിയിട്ടിരുന്ന ഓട്ടോയാണ് തകർന്നത്.

മാന്നാർ-തട്ടാരമ്പലം റോഡിൽ കോട്ടമുറിക്കു തെക്കുവശം റോഡിൽ നിന്ന വലിയ വാകമരം വീണ് വീടിന്റെ ചുറ്റുമതിൽ ഭാഗികമായി തകർന്നു. തൃപ്പെരുന്തുറ തെക്കുമുറി കല്ലറയ്ക്കൽ കെ.അലക്സാണ്ടറുടെ വീടിന്റെ മതിലാണ് തകർന്നത്. കണ്ണമംഗലം വില്ലേജിൽ 20ാം വാർഡിൽ പൊന്നമ്പള്ളിൽ പടീറ്റതിൽ കാർത്യായനിയുടെ വീടിനു മുകളിലും മരം വീണു.

സപ്താഹ ഷെഡ് വീണു

ഹരിപ്പാട്: കാറ്റിലും മഴയിലും മുതുകുളത്തും പരിസര പ്രദേശങ്ങളിലും വ്യാപക നാശമുണ്ടായി. മുതുകുളം വടക്ക് മൂലയ്ക്കൽ വലിയകാവ് ക്ഷേത്രത്തിലെ സർപ്പക്കാവിന് മുന്നിലുളള സപ്താഹ ഷെഡ് മരം വീണു പൂർണമായും തകർന്നു. ചുറ്റിയടിച്ച കാറ്റിൽ കാവിനുളളിൽ നിന്ന ചെറുപുന്നയാണ് രണ്ടായി പിളർന്ന് ഒരുഭാഗം ഷെഡിനു മുകളിൽ പതിച്ചത്. ആറാട്ടുപുഴ കിഴക്കേക്കര മല്ലിക്കാട്ട് കടവ് പുതുശ്ശേരിപ്പുതുവൽ രാധാകൃഷ്ണന്റെ വീടിന് മുകളിലേക്ക് മരങ്ങൾ കടപുഴകി. മേൽക്കൂരയ്ക്കും ഭിത്തിയ്ക്കും പാരപ്പറ്റിനും കേടുപാടുണ്ടായി. മുതുകുളം 15-ാം വാർഡ് ചേലിപ്പള്ളിത്തറയിൽ മനോജിന്റെ വീടിനു മുകളിലേക്ക് മരം വീണ് ഓടുമേഞ്ഞ മേൽക്കൂരയ്ക്ക് നാശമുണ്ടായി.