മുഹമ്മ: ജനങ്ങളുടെ പോഷകക്കുറവ് പരിഹരിക്കാൻ പഴവർഗ വിളകളുടെ ക്ലസ്റ്റർ അധിഷ്ഠിത കൃഷിക്ക് തുടക്കമായി. പദ്ധതിയുടെ സംസ്ഥാന തല ഉദ്ഘാടനം മുഹമ്മ ഗവ.സംസ്കൃത ഹൈസ്കൂളിന് സമീപത്തെ ശ്രീരംഗം ലീലാമണിയുടെ പുരയിടത്തിൽ മന്ത്രി പി.പ്രസാദ് മാവിൻത്തൈ നട്ട് നിർവഹിച്ചു. പഞ്ചാത്ത് പ്രസിഡന്റ് സ്വപ്ന ഷാബു അദ്ധ്യക്ഷയായി. മാരകമായ പല അസുഖങ്ങളും ഇന്ന് സാധാണമായിരിക്കുന്നു.
ഇതിന്റെ പ്രധാന കാരണം ആഹാരത്തിലെ പോഷകക്കുറവാണ്. ഒരുദിവസം ഒരാൾ കുറഞ്ഞത് 100 ഗ്രാമെങ്കിലും പഴങ്ങൾ കഴിക്കണം. ഇത് ഓരോ വീട്ടിലും ഉല്പാദിപ്പിക്കുകയെന്നതാണ് സർക്കാർ ലക്ഷ്യം. സർക്കാരിന്റെ നൂറു ദിന കർമ്മ പരിപാടിയനുസരിച്ചാണ് പദ്ധതി നടപ്പാക്കുന്നതെന്നും മന്ത്രി പറഞ്ഞു. ഇതിനായി 18 കോടി ചെലവിൽ 11ഇനം പഴവർഗ്ഗ വിളകളുടെ കൃഷിയാണ് സംസ്ഥാനത്ത് നടപ്പാക്കുന്നതെന്നും മന്ത്രി പറഞ്ഞു. മികച്ച കർഷകരെ ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് എൻ.എസ്.ശിവപ്രസാദ് ചടങ്ങിൽ ആദരിച്ചു.
കൃഷി അഡീഷണൽ ഡയറക്ടർ തോമസ് സാമുവൽ പദ്ധതി വിശദീകരിച്ചു. കാർഷിക വികസന കർഷക ക്ഷേമ വകുപ്പ് ഡയറക്ടർ അദീല അബ്ദുള്ള സ്വാഗതവും ആലപ്പുഴ പ്രിൻസിപ്പൽ കൃഷി ഓഫീസർ സി.അമ്പിളി നന്ദിയും പറഞ്ഞു.