hzj

ഹരിപ്പാട് : അടിയിലെ മണ്ണ് ഒലിച്ചു പോയതിനെത്തുടർന്ന് കോൺക്രീറ്റ് റോഡിലൂടെയുള്ള യാത്ര അപകടകരമാകുന്നു. കുമാരപുരം മൂന്നാം വാർഡിൽ താമല്ലാക്കൽ കോയിക്കലേത്ത് - വെട്ടിത്തറ റോഡിന്റെ പല ഭാഗത്തും മീറ്ററുകളോളം ദൂരത്തിലാണ് കോൺക്രീറ്റ് റോഡിന്റെ അടിഭാഗത്തെ മണ്ണ് ഒലിച്ചു പോയിട്ടുള്ളത്.

മുപ്പതോളം കുടുംബങ്ങൾ യാത്രയ്ക്ക് ആശ്രയിക്കുന്ന ഈ റോഡ് പാടത്തിന് സമീപത്തു കൂടിയുള്ളതാണ്. ഏഴുവർഷം മുമ്പ് നിർമ്മിച്ച റോഡിൽ പിന്നീട് യാതൊരുവിധ അറ്റകുറ്റപ്പണികളും നടത്തിയിട്ടില്ല. റോഡിന്റെ അവസ്ഥ അറിയാതെ എത്തുന്ന വാഹനങ്ങൾ മുകളിലെ കോൺക്രീറ്റ് പാളി ഇടിഞ്ഞു വെള്ളക്കെട്ടിലേക്ക് വീഴാൻ സാദ്ധ്യതയേറെയാണ്. കഴിഞ്ഞദിവസം കെ.എസ്.ഇ.ബിയുടെ കരാർ വാഹനവും മറ്റൊരു വാഹനവും റോഡിന് മുകളിലെ കോൺക്രീറ്റ് പാളി ഇടിഞ്ഞ് സമീപത്തെ പാടത്തേക്ക് മറിഞ്ഞിരുന്നു. വാഹനത്തിൽ ഉണ്ടായിരുന്നവരുടെയും യാത്രക്കാരുടെയും സമയോചിതമായ ഇടപെടൽ മൂലമാണ് വലിയ അപകടം ഒഴിവായത്.

വെള്ളപ്പൊക്കത്തിൽ മണ്ണ് ഒഴുകിപ്പോകും

 മഴക്കാലത്ത് വെള്ളം കെട്ടിനിൽക്കുന്നത് കാരണമാണ് റോഡിന്റെ അടിയിലെ മണ്ണ് ഒലിച്ചു പോകുന്നത്

 വെള്ളം ഒഴുകിപ്പോകാനുള്ള കാനയും റോഡിന്റെ അടിയിലൂടെയാണ് കടന്നു പോകുന്നത്

 കാനയ്ക്ക് താങ്ങാവുന്നതിലധികം വെള്ളമെത്തുമ്പോൾ സമീപഭാഗങ്ങളിലെ മണ്ണ് ഉൾപ്പെടെ ഒലിച്ചു പോകും

 റോഡിന്റെ മിക്ക ഭാഗങ്ങളിലും കോൺക്രീറ്റ് ഏത് നിമിഷവും ഇടിഞ്ഞു പോകാവുന്ന നിലയിലാണ്

 റോഡ് തകർന്നാൽ ഇവിടെയുള്ളവർക്ക് പുറംലോകവുമായി ബന്ധപ്പെടാനുള്ള ഏകമാർഗം അടയും

30

റോഡിനെ ആശ്രയിക്കുന്ന കുടുംബങ്ങൾ

വിദ്യാർത്ഥികളും അംഗപരിമിതരും അടക്കം നിരവധി പേർ യാത്ര ചെയ്യുന്ന റോഡ് അടിയന്തരമായി ഉയർത്തി പുനർനിർമ്മിക്കണം. ഇതോടൊപ്പം സുഗമമായി വെള്ളം ഒഴുകിപ്പോകുന്നതിനായി കാനയും വേണം

- പ്രദേശവാസികൾ