അമ്പലപ്പുഴ: വളഞ്ഞ വഴിയിൽ കടലാക്രമണം തുടരുന്നു, എട്ടോളം വീടുകൾ തകർച്ചാ ഭീഷണിയിൽ. രണ്ട് ദിവസമായി പ്രദേശത്ത് കടലാക്രമണം രൂക്ഷമാണ്. അമ്പലപ്പുഴ വടക്ക് പഞ്ചായത്തിലെ 13, 14 വാർഡുകളിലാണ് കടലാക്രമണം രൂക്ഷമായിരിക്കുന്നത്. കരയിലേക്ക് ശക്തമായി അടിച്ചുകയറിയ തിരമാലയിൽ പ്രദേശമാകെ വെള്ളത്തിലായി. വർഷങ്ങൾക്ക് മുമ്പ് സുനാമി ദുരിതാശ്വാസ പദ്ധതിയിൽ ലഭിച്ച മൂന്ന് വീടുകളാണ് കഴിഞ്ഞദിവസം കടലെടുത്തത്. വീട്ടുപകരണങ്ങൾ അയൽപക്കത്തെ വീടുകളിലേക്ക് മാറ്റി. രണ്ട് കുടുംബങ്ങളിലായി കുട്ടികളുൾപ്പെടെ 9 പേരാണുള്ളത്. ഇവരെ സമീപത്തെ അംഗനവാടിയിലേക്ക് മാറ്റിപാർപ്പിച്ചു.
കടലാക്രമണം ചെറുക്കാൻ കോടികൾ ചെലവഴിച്ച് നിർമ്മിച്ച ടെട്രാപോഡുകൾക്ക് മുകളിലുടെ ആഞ്ഞടിച്ച തിരമാലകളാണ് വീടുകൾ തകർത്തത്.
പ്രഖ്യാപനം പാഴായി
കടൽ ഭിത്തി നിർമിക്കാമെന്ന പ്രഖ്യാപനമല്ലാതെ ഒരു കല്ല് പോലും തീര സംരക്ഷണത്തിനായി ഇവിടെ ഇറക്കിയിട്ടില്ലെന്നാണ് പ്രദേശവാസികൾ പറയുന്നത്. നിരവധി വീടുകൾ ഇപ്പോഴും തകർച്ചാഭീഷണിയിലാണ്. വീട് സംരക്ഷിക്കാൻ ചാക്കുകളിൽ മണ്ണ് നിറച്ച് തീരത്ത് സ്ഥാപിക്കുകയാണ് ഇവർ. എന്നിട്ടും അധികൃതരുടെ ഭാഗത്ത് നിന്ന് തീരസംരക്ഷണത്തിനായി യാതൊരു നടപടിയുമുണ്ടായിട്ടില്ല. കടൽ ഭിത്തിയും പുലിമുട്ടും നിർമ്മിക്കാൻ ടെണ്ടർ ക്ഷണിച്ച് വർഷങ്ങൾ കഴിഞ്ഞിട്ടും തീര സംരക്ഷണം യാഥാർത്ഥ്യമാകാതെ വന്നതാണ് വീടുകളുടെ തകർച്ചയ്ക്ക് കാരണമായത്. കടലേറ്റം ശക്തി പ്രാപിച്ചാൽ കൂടുതൽ വീടുകൾ കടലെടുക്കാനാണ് സാദ്ധ്യത.