മാന്നാർ : കരാർ കാലാവധി കഴിഞ്ഞിട്ടും തുക ലഭിക്കാത്തതിനാൽ മാന്നാറിൽ തെരുവ് വിളക്ക് പരിപാലനം അവതാളത്തിലായി. 2023 ആഗസ്റ്റ് മാസം നൽകിയ ബില്ലും, 2024 ഫെബ്രുവരിയിലെ ബില്ലുടക്കം മൂന്നര ലക്ഷം രൂപകയാണ് കരാറുകാരന് നൽകുവാനുള്ളത്. തുക ലഭിക്കാത്തതിനാലും കരാർ കാലാവധി കഴിഞ്ഞതിനാലും കരാറുകാരൻ വിനോദ് ടി.കെ മാസങ്ങളായി പരിപാലനത്തിൽ നിന്നും വിട്ടു നിൽക്കുകയാണ്. ഇതോടെ ഓരോ വാർഡിലും നിരവധി തെരുവ് വിളക്കുകൾ പ്രകാശിക്കാതായി.

ഉദ്യോഗസ്ഥന്മാരുടെയും ഭരണ നേതൃത്വത്തിന്റെയും കെടുകര്യസ്ഥതയാണ് കരാറുകാരന് പദ്ധതി തുക കൈമാറാത്തതെന്ന് വാർഡ് മെമ്പർ അജിത്ത് പഴവൂർ പഞ്ചായത്ത് കമ്മിറ്റിയിൽ ആരോപിച്ചു. തന്റെ വാർഡിൽ കഴിഞ്ഞ നാലുമാസമായിട്ട് അറ്റകുറ്റപ്പണികൾ നടത്തിയിട്ടില്ലെന്നും എത്രയും വേഗം തെരുവ് വിളക്ക് പ്രശ്നം പരിഹരിച്ചില്ലെങ്കിൽ നാളെ രാവിലെ 10 മുതൽ ഉച്ചക്ക് 1വരെ പഞ്ചായത്ത് പടിക്കൽ കുത്തിയിരുപ്പ് സമരം നടത്തുമെന്ന് പന്ത്രണ്ടാം വാർഡ് മെമ്പറായ അജിത്ത് പഴവൂർ മുന്നറിയിപ്പ് നൽകി.

പുതിയ ടെൻഡർ വിളിക്കണം

 അറ്റകുറ്റപ്പണികൾ നടക്കാത്തതിനാൽ തെരുവു വിളക്കുകൾ നോക്കുകുത്തിയായി

 പുതിയ ടെൻഡർ വിളിച്ചെങ്കിൽ മാത്രമേ ബൾബും ട്യൂബും ഉൾപ്പെടെ വാങ്ങാനാകുകയുള്ളൂ

 വാർഡുകളിൽ വഴിവിളക്ക് തെളിയാത്തതിനെതിരെ പ്രതിഷേധമുയർന്നിട്ടുണ്ട്

ജില്ലാ പ്ലാനിംഗ് കമ്മിറ്റിയുടെ അംഗീകാരപ്രകാരമാണ് കരാറുകാരുടെ തുക നൽകുന്നത്. ലോക്സഭാ തിരഞ്ഞെടുപ്പും തുടർന്ന് വന്ന കുട്ടംപേരൂർ ഉപതിരഞ്ഞെടുപ്പും അംഗീകാരം ലഭിക്കുന്നതിന് തടസമായി. 23 ന് ചേരുന്ന ഡി.പി.സിയിൽ അംഗീകാരം ലഭിക്കുന്നതോടെ കരാർ തുക നൽകും

- ടി.വി.രത്നകുമാരി , ഗ്രാമപഞ്ചായത്ത് പ്രസിഡന്റ്