ആലപ്പുഴ : സർക്കാർഭൂമി സ്വകാര്യ വ്യക്തികൾ കൈയേറി, നീരൊഴുക്ക് തടസപ്പെടുംവിധം നികത്തിയതോടെ 35ഓളം കുടുംബങ്ങൾ വെള്ളക്കെട്ടിലായി. നഗരത്തിൽ കിടങ്ങാംപറമ്പ് വാർഡിൽ കയർയന്ത്ര നിർമ്മാണ കമ്പനിയുടെ വടക്ക് ഭാഗത്ത് താമസിക്കുന്ന ജനങ്ങളാണ് ദുരിതത്തിലായത്.
നഗരസഭയിലും അമ്പലപ്പുഴ തഹസിൽദാർക്കും പരാതി നൽകിയിട്ടും പരിഹാരം ഉണ്ടാകുന്നില്ലെന്ന് ആക്ഷേപമുണ്ട്. റീസർവേ പ്രകാരം തങ്ങൾക്കു കിട്ടിയ ഭൂമിയാണ് നികത്തിയതെന്ന് കൈയേറ്റക്കാർ പറയുന്നുണ്ടെങ്കിലും ഇത് മിച്ചഭൂമിയാണെന്നുള്ള വിവരാവകാശ രേഖകൾ സഹിതം പ്രദേശവാസികൾ കളക്ടർക്ക് പരാതി നൽകിയിരുന്നു. തുടർ നടപടിക്കായി കളക്ടർ അമ്പലപ്പുഴ തഹസിൽദാർക്ക് ഈ പരാതി കൈമാറിയെങ്കിലും പിന്നീട് നടപടിയൊന്നുമുണ്ടായിട്ടില്ല.
താമസം മാറ്റി പ്രദേശവാസികൾ
1.പുറമ്പോക്ക് ഭൂമിയാണെന്ന് താലൂക്കധികൃതരും വില്ലേജ് അധികൃതരും സന്ദർശിച്ച് ബോദ്ധ്യപ്പെട്ട് അളന്ന് തിരിച്ച് സാക്ഷ്യപ്പെടുത്തിയ ഭൂമിയാണ് നികത്തിയത്
2.ഈ ഭാഗത്ത് ഉണ്ടായ വെള്ളക്കെട്ടിന്റെ ദുരിതംകാരണം പ്രദേശവാസികളിൽ പലരും താമസം താൽക്കാലികമായി ബന്ധുവീടുകളിലേക്ക് മാറ്റി
3.തോട് നികത്തിയവരിലൊരാൾ കഴിഞ്ഞദിവസം വീട്ടുവളപ്പിലെ വെള്ളക്കെട്ടൊഴിവാക്കാൻ അയൽവാസിയുടെ മതിൽ പൊട്ടിച്ചു വെള്ളമൊഴുക്കിയ സംഭവം വിവാദമായിരുന്നു
മഴ പെയ്താൽ പ്രദേശത്തെ വീടുകൾ മുങ്ങാതിരിക്കാൻ കൈയേറ്റ ഭൂമികൾ തിരിച്ചുപിടിച്ച് നീർച്ചാൽ പുനർനിർമിക്കണമെന്ന് ആവശ്യപ്പെട്ട് കളക്ടർക്ക് പരാതി നൽകി.
- സനാതനം റെസിഡന്റ്‌സ് അസോസിയേഷൻ